thiruvananthapuram local

നഗരിക്ക് വേറിട്ട കാഴ്ചയൊരുക്കി ആദിവാസി കലാസന്ധ്യ

തിരുവനന്തപുരം: ആദിവാസിസമൂഹത്തിന്റെ നൃത്തവും പാട്ടും ഭക്ഷ്യവിഭവങ്ങളുമായി തലസ്ഥാനനഗരിയുടെ മാനവീയം വീഥയില്‍ 'സംയോജിത' കലാസാംസ്‌കാരികസന്ധ്യ അരങ്ങേ റി. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ആദിവാസി സമൂഹത്തിന്റെ തനത് ജീവിതശൈലി നിലനിര്‍ത്തിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കലാരൂപങ്ങള്‍ സംരക്ഷിക്കാന്‍ മഹിളാ സമഖ്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാംസ്‌കാരിക പരിപാടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫോക്‌ലോര്‍ അക്കാദമിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ആദിവാസിവിഭാഗങ്ങളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മഹിളാ സമഖ്യ നാഷണല്‍ റിസോഴ്‌സ് ഗ്രൂപ്പ് അംഗം വന്ദന മഹാജന്‍, സാമൂഹിക നീതി ഡയറക്ടര്‍ വി എന്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ മാവിലന്‍, മലവേട്ടുവ, കുടിയാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കലാസന്ധ്യ അവതരിപ്പിക്കാന്‍ എത്തിയത്.
അവരുടെ തനത് വിഭവങ്ങളായ നര, ചാവ, കുരുണ്ട്, ശതാവരികിഴങ്ങ്, വൈചതന്തും പുളി, കല്ലുവാഴക്കായ മുതലായ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും തുവരപ്പായസവും വാങ്ങി രുചിക്കാനും ഒട്ടേറെപ്പേരെത്തി. കുടിയാന്‍ നൃത്തം, മുളഞ്ചെണ്ട, കൂന്തന്‍കളി, നാട്ടിപ്പാട്ട്, കോല്‍ക്കളി, എരുതുകളി, മംഗലംകളി തുടങ്ങിയ കലാരൂപങ്ങളാണ് മാനവീയം വീഥിക്ക് ഇന്നലെ ശോഭ പകര്‍ന്നത്.

Next Story

RELATED STORIES

Share it