Idukki local

നഗരസഭ തീരുമാനം നടപ്പാക്കി; സ്വകാര്യ ബസ്സ്റ്റാന്റിലെ അനധികൃത കച്ചവടക്കാരെ നീക്കി

തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വകാര്യ ബസ്സ്റ്റാന്റിലെ അനധികൃത വഴിയോര കച്ചവടക്കാരെ നഗരസഭ നീക്കം ചെയ്തു. ബസ്സ്റ്റാന്റിനുള്ളിലെ മുഴുവന്‍ അനധികൃത കച്ചവടവും ഒഴിപ്പിക്കാന്‍ കഴിഞ്ഞ 29ന്  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്.
വൈകുന്നേരം ആറോടെ ബസ്സ്റ്റാന്റില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയെത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റിയത്. നഗരസഭ ഒഴിപ്പിക്കല്‍ നടപ്പാക്കുമെന്ന് സൂചന ലഭിച്ചതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവടക്കാര്‍ ഇവിടെ നിന്നും സ്വയം വാഹനങ്ങള്‍ മാറ്റിയിരുന്നു. കച്ചവടക്കാര്‍ പലരും ഇവിടെ സംഘം ചേര്‍ന്നതോടെ സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് ആശങ്ക പരന്നു. ഇതിന് ശേഷമാണ് വന്‍ സന്നാഹത്തോടെ നഗരസഭാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഇതിന് ശേഷവും ഇവിടെ നിന്നും ഒഴിഞ്ഞു പോകാതിരുന്ന കച്ചവടകേന്ദ്രങ്ങളാണ് പൊളിച്ചു നീക്കിയത്. ബസ് സ്റ്റാന്‍ഡിനുള്ളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ചിലതാണ് പൊളിച്ചു മാറ്റിയത്.
കുട,ചെരുപ്പ് എന്നിവ നന്നാക്കുന്ന കടകളും എക്‌സകവേറ്റര്‍ ഉപയോഗിച്ച് നീക്കി.കഴിഞ്ഞ നാലിനകം കച്ചവടക്കാരോട് ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും കടയുടമകള്‍ ഇതിനെതിരെ സ്‌റ്റേ നേടി. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ നല്‍കിയത്.
കഴിഞ്ഞ ദിവസം നഗരസഭ നിയമ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് കച്ചവടക്കാരെ ഇവിടെ നിന്നും ഒഴിവാക്കാമെന്ന് കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചത്. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ വഴിയോരക്കച്ചവടക്കാരെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it