ernakulam local

നഗരസഭ കൗണ്‍സിലറെ ഹൈക്കോടതി അയോഗ്യയാക്കി

കൊച്ചി: ആലുവ മണപ്പുറത്തെ താല്‍ക്കാലിക പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നഗരസഭാ കൗണ്‍സിലറെ ഹൈക്കോടതി അയോഗ്യയാക്കി.
ആലുവ സ്വദേശി അലക്‌സ് നല്‍കിയ ഹരജിയില്‍ കൗണ്‍സിലറായ കെ വി സരളയുടെ കഴിഞ്ഞ കൗണ്‍സിലിലെ അംഗത്വമാണ് ജസ്റ്റിസ് എ എം ഷെഫീഖ് റദ്ദാക്കിയത്. സരളക്കെതിരേ നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
2012ല്‍ ശിവരാത്രി മണപ്പുറത്തേക്കുള്ള പാലം നിര്‍മാണത്തിന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എന്ന നിലയില്‍ കെ വി സരള, മുനിസിപ്പാലിറ്റിയുമായി കരാര്‍ ഒപ്പിട്ട് നിര്‍മാണത്തിന് മുന്‍കൂര്‍ പണം കൈപ്പറ്റിയതാണ് വിവാദമായത്.
മുനിസിപ്പല്‍ കൗണ്‍സിലര്‍ അതേ മുനിസിപ്പാലിറ്റിയുമായി ഇത്തരത്തിലൊരു കരാറില്‍ ഏര്‍പ്പെടുന്നത് ജനപ്രാതിനിധ്യ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
എന്നാല്‍, ഈ നടപടി അയോഗ്യത കല്‍പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ലെന്ന് വ്യക്തമാക്കി കമ്മീഷന്‍ പരാതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it