Alappuzha local

നഗരസഭാ തിരഞ്ഞെടുപ്പ്; പരാജയത്തിന് കാരണക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

മാവേലിക്കര: നഗരസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ നേതാക്കളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ കൂടിയായ അഡ്വ. കെ ആര്‍ മുരളീധരനാണ് രാജിവച്ചത്. രാജിക്കത്ത് ഞായറാഴ്ച നടന്ന ഡിസിസി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിന് നേരിട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാവേലിക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ റെബല്‍ ശല്യവും പുതുതായി രൂപം കൊണ്ട ബിജെപി, എസ്എന്‍ഡിപി യോഗം, കെപിഎംഎസ് സഖ്യവും ഗുരുതരമായി ബാധിച്ചെങ്കിലും താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കെടുകാര്യസ്ഥതയും അലംഭാവവും ഉത്തരവാദിത്വം ഇല്ലായ്മയുമാണ് വലിയ പരാജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആരേയും പേരെടുത്ത് കുറ്റം പറയാതിരുന്ന മുരളീധരന്‍ വളരെ ഉത്തരവാദിത്വമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ റെബലുകളെയും ചില സ്വതന്ത്രരെയും സഹായിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്ന് തുറന്ന് പറഞ്ഞു.
ചിലവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരേ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്‍കൈയെടുത്തെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് കൂടിയായ മുരളീധരന്‍ ആരോപിച്ചു. യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും സഹകരിക്കാതെ പാര്‍ട്ടി നേതാക്കളും സ്ഥാനം ആഗ്രഹിക്കുന്ന ചിലരും റെബല്‍ സ്ഥാനാര്‍ത്ഥികളെ പരിധിവിട്ട് സഹായിച്ചു. മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ ഇരുന്ന് തമ്മില്‍ പാരവയ്ക്കുന്നത് നല്ലതിനല്ല. കോണ്‍ഗ്രസിന്റെ നിലവിലുള്ള നേതൃത്വത്തെ ജനങ്ങള്‍ തള്ളിയിരിക്കുന്ന ഫലമാണ് നഗരസഭയില്‍ ഉണ്ടായിരിക്കുന്നത്.
അതിനാല്‍ പാര്‍ട്ടിയുടെ മാവേലിക്കര നഗരസഭയിലെ മണ്ഡലം, ബ്ലോക്ക്, കെപിസിസി ഭാരവാഹികള്‍ മാറിനില്‍ക്കാന്‍ തയ്യാറായി മാവേലിക്കരയില്‍ പുതിയ പാര്‍ട്ടി സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it