Pathanamthitta local

നഗരസഭാ ചെയര്‍പേഴ്‌സനെതിരേ സെക്രട്ടറിയുടെ പരാതി; പോലിസ് കേസെടുത്തു

പന്തളം: കോടതിയുത്തരവ് പ്രകാരം അടച്ചുപൂട്ടിയ കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ക്കൊപ്പം നിന്ന് തുറന്നുകൊടുത്ത നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമെതിരേ നഗരസഭാ സെക്രട്ടറി പരാതി നല്‍കി. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലിസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറി പോലിസ് സഹായത്തോടെ അടച്ചുപൂട്ടിയ മാര്‍ക്കറ്റ് കഴിഞ്ഞദിവസമാണ് ചെയര്‍പേഴ്‌സണ്‍ ടി കെ സതിയുടെ നേതൃത്വത്തില്‍ തുറന്നു നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ ടി കെ സതിയും വൈസ് ചെയര്‍മാന്‍ ഡി രവീന്ദ്രനും അന്യായമായി ആളുകളെ സംഘടിപ്പിച്ച് കോടതി ഉത്തരവ് പ്രകാരം അടച്ച മാര്‍ക്കറ്റ് അന്യായമായി തുറന്നതായും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ നഗസഭാ ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള ശീതയുദ്ധം മൂര്‍ച്ഛിച്ചിരിക്കുകയാണ്.
മാര്‍ക്കറ്റ് പൂട്ടിയതിനെ തുടര്‍ന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കോടതി ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്ന കാര്യം സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ സെക്രട്ടറി ഏകപക്ഷീയമായി എടുത്ത നടപടിയില്‍ കൗണ്‍സിലിന് യാതൊരു ബാധ്യതയും ഇല്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികുടുംബങ്ങള്‍ പട്ടിണിആകാതിരിക്കുന്നതിന് ചന്ത തുറന്നു നല്‍കണമെന്നും കൗണ്‍സില്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും കൗണ്‍സില്‍ അംഗങ്ങളും തൊഴിലാളികളും ചേര്‍ന്ന് മാര്‍ക്കറ്റ് തുറന്നത്. നേരത്തേ, നഗരസഭാ ഭരണസമിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിക്കുകയും മാര്‍ക്കറ്റു തുറന്നു പ്രവര്‍ത്തിക്കുന്നതിനു സാങ്കേതികമായ ചില തടസ്സങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മാലിന്യപ്രശ്‌നം വലിയ തോതില്‍ നിലനില്‍ക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. മാര്‍ക്കറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായിരിക്കെ പരാതിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഉറപ്പുനല്‍കിയിരുന്നു.
മാര്‍ക്കറ്റ് പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും, നഗരസഭ ഉപരോധവും നടത്തിയിരുന്നു. ഉപരോധ സമയത്ത് മാര്‍ക്കറ്റു തുറക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നു ഭരണസമിതി തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it