thiruvananthapuram local

നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണം പരിസ്ഥിതി ദിനത്തില്‍ സമാപിക്കും

തിരുവനന്തപുരം: രണ്ടാഴ്ചയായി നഗരസഭ നടപ്പാക്കിവരുന്ന മഴക്കാലപൂര്‍വ ശുചീകരണ പരിപാടിയുടെ സമാപനം ലോക പരിസ്ഥിതിദിനമായ ഈ മാസം 5ന് ജനകീയ കാംപയിനോടെ സമാപിക്കും.
മെയ് 23ന് തുടങ്ങിയ കാംപയിനോടനുബന്ധിച്ച് നഗരസഭയുടെ അധീനതയിലുള്ള ഓടകളെല്ലാം തന്നെ ശുചീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം റസിഡന്‍സ് അസോസിയേഷനുകളുടെയും സര്‍ക്കാ ര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കി. തുടര്‍ന്ന് ആന്റി ലാര്‍വല്‍ സ്‌പ്രേയിങും ഫോഗിങും നടത്തി. ശുചീകരണത്തിന്റെയും രോഗപ്രതിരോധ പരിപാടികളുടെയും സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഇന്നലെ ദിവസം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലെല്ലാം നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഇന്നു പൊതു മാര്‍ക്കറ്റുകള്‍ ശുചീകരിക്കും.
5ലെ ജനകീയ കാംപയിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നഗരത്തിലെ എല്ലാ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ സഹകരണം ഈ പരിപാടിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യക്കൂനകളില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചു ശേഖരിക്കുകയും ജൈവമാലിന്യം ഇനോകുലം തളിച്ചു സംസ്‌കരിക്കുകയും ചെയ്യും.
നഗരം ശുചീകരിക്കുന്നതിനും നഗരസഭകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ജനകീയ കാംപയിന്‍ വിജയമാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
10905 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് ലഭിച്ച ഭൂരിപക്ഷമായ 10,905 വോട്ടുകള്‍ക്ക് സമാനമായി അത്രയും എണ്ണം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ അറിയിച്ചു.
ലോക പരിസ്ഥിതിദിനമായ ഈ മാസം 5ന് രാവിലെ 9നു ശ്രീചിത്ര ഹോമില്‍ നടക്കുന്ന ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍നായര്‍ നിര്‍വഹിക്കും.
ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ശ്രീചിത്ര ഹോമിലെ അന്തേവാസികളെ ചടങ്ങില്‍ അനുമോദിക്കും.
Next Story

RELATED STORIES

Share it