ernakulam local

നഗരസഭയുടെ നിരീക്ഷണ കാമറ പ്രവര്‍ത്തിച്ചുതുടങ്ങി

പറവൂര്‍: ഇരുചക്രവാഹനത്തിലും സ്വകാര്യ കാറുകളിലുമായി വന്ന് നഗരത്തിലെ പൊതുനിരത്തുകളിലും കുറ്റിക്കാടുകളിലും മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ കുടുങ്ങും. നഗരസഭ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുകയാണ്.
ആരെങ്കിലും ഇത്തരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പതിയുകയും ഇവ ഫഌക്‌സ് ബോര്‍ഡില്‍ സ്ഥാപിക്കുകയും ചെയ്യുന്ന പരിപാടിയാണ് അധികൃതര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്‍എച്ചില്‍ വഴികുളങ്ങര മുതല്‍ ചേന്ദമംഗലം കവലവരെയും കച്ചേരിപ്പടി, പെരുവാരം, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരം, പഷ്ണിത്തോട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പോലിസ് നേരത്തെ സ്ഥാപിച്ച കാമറകള്‍ക്കു പുറമെയാണ് നഗരസഭ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍. ഈ കാമറകളില്‍ രാത്രിയും പകലുമായി വലിച്ചെറിയുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങി. ഇങ്ങനെ കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഫഌക്‌സില്‍ അടിച്ചു പരസ്യമായി നഗരത്തില്‍ പ്രദര്‍ശിപ്പിക്കും.
മുന്നറിയിപ്പു എന്ന നിലയില്‍ ആദ്യം വ്യക്തിയുടെ മുഖം മറച്ചുള്ള ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് ലംഘിക്കപ്പെടുകയാണെങ്കില്‍ ആളെ തിരിച്ചറിയുന്നവിധത്തില്‍ വലിയ ബോ ര്‍ഡുകളില്‍ത്തന്നെ സ്ഥാപിക്കും. കൂടാതെ മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇതിനായി പോലിസിനും മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദേശം നല്‍കിയതായി ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറഞ്ഞു.
ഇപ്പോള്‍തന്നെ 28 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണ കാമറകളുടെ കണ്‍ട്രോളിങ് യൂനിറ്റ് സിഐ ഓഫിസിലും നഗരസഭയിലും സ്ഥാപിച്ചിട്ടുണ്ട്.
ക്ലീന്‍ പറവൂര്‍, ഗ്രീന്‍ പറവൂര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പെടുത്തിയിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it