malappuram local

നഗരസഭകളിലെ ശൗചാലയങ്ങളുടെ കുറവ്; മാര്‍ച്ച് 31നകം പരിഹരിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയിലെ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലെയും ശൗചാലയങ്ങളുടെ കുറവ് മാര്‍ച്ച് 31നകം പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു. നഗരസഭകളില്‍ സ്വച്ഛ് ഭാരത് മിഷന്‍ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
നഗരസഭകളില്‍ നടത്തിയ സര്‍വേ പ്രകാരം കണ്ടെത്തിയ ടോയ്‌ലറ്റ് ഇല്ലാത്ത കുടുംബങ്ങള്‍ക്കായി 11023311 രൂപയാണ് സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരം ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്. ഇത് ജനുവരി ആദ്യവാരം നഗരസഭകള്‍ക്ക് കൈമാറിയതായി ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.
ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന് ഒരു വ്യക്തിക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ധനസഹായം 15,400 രൂപയാണ്. ഇതില്‍ 5333 രൂപ ശുചിത്വ മിഷന്‍ നല്‍കുന്ന വിഹിതവും 10067 രൂപ നഗരസഭാ വിഹിതവുമാണ്.
മുന്‍വര്‍ഷങ്ങളില്‍ നഗരസഭകള്‍ക്ക് കമ്പോസ്റ്റ് പ്ലാന്റ് വിപുലീകരിക്കുന്നതിനും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ സ്ഥാപിക്കാനും ശുചിത്വ മിഷന്‍ നല്‍കിയ സാമ്പത്തിക സഹായം വിനിയോഗിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ നഗരസഭകളിലെ അധ്യക്ഷന്‍മാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അനധികൃത നഴ്‌സിങ്
സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കണം
മലപ്പുറം: ഹോം നഴ്‌സിങ്ങിന്റെ പേരില്‍ വ്യക്തമായ വിലാസമോ സംവിധാനങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്ലെയ്‌സ്‌മെന്റ് സെക്യൂരിറ്റി ആന്റ് നേഴ്‌സിങ് സര്‍വ്വീസ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് സംവിധാനം ഇല്ലാത്തതാണ് അനധികൃത സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുന്നത്.
മലപ്പുറം ജില്ലയിലെ ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ദുഷ്‌പേരുകള്‍ ഈ രംഗത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദോഷകരമായി ബാധിക്കുകയാണ്. വ്യക്തമായ അഡ്രസില്ലാത്ത വിസിറ്റിംഗ് കാര്‍ഡ് മാത്രമാണ് പല ഏജന്‍സികള്‍ക്കുമുള്ളത്. ഇതില്‍ ബന്ധപ്പെടുമ്പോള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചുതരാം എന്നാണ് മറുപടി ലഭിക്കുന്നത്. പല ഓഫീസുകളും വാടക ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതായും പരാതികളുണ്ട്. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ വരെ നടക്കുന്നുണ്ടെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് എം എന്‍ സന്തോഷ്, ഉഷ മോഹന്‍ദാസ്, ഇ അബ്ദുസലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it