kasaragod local

നഗരത്തിലെ റോഡുകളില്‍ ചതിക്കുഴികള്‍; നടപ്പാതകളും ഓവുചാലുകളും അപകടാവസ്ഥയില്‍

കാസര്‍കോട്: ജില്ലാ ആസ്ഥാന നഗരിയിലെ റോഡുകളില്‍ ചതിക്കുഴികള്‍. ഓവുചാലുകളില്‍ പലതും സ്ലാബുകള്‍ തകര്‍ന്ന് അപകട നിലയില്‍. കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രസ് ക്ലബ്ബ് ജങ്ഷനിലാണ് കുഴികള്‍ രൂപപ്പെട്ടത്. ചന്ദ്രഗിരി പാതയിലൂടെ പോകുന്ന വാഹനങ്ങളും ടൗണിലേക്ക് വരുന്ന വാഹനങ്ങളും കുഴിയില്‍ വീണ് അപകടം പതിവാകുന്നു. എംജി റോഡ്, എയര്‍ലൈന്‍സ് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ തിരക്കേറിയ മറ്റു റോഡുകളിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പലറോഡുകളിലെയും അറ്റകുറ്റ പണികള്‍ മഴക്കുമുമ്പാണ് തീര്‍ത്തത്. എന്നാല്‍ ഏതാനും മാസം മുമ്പ് തന്നെ റോഡുകള്‍ തകര്‍ന്നിരുന്നു. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴികള്‍ കാണാതെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. ഇരു ചക്രവാഹനങ്ങളാണ് കുടുതല്‍ അപകടത്തില്‍ പെടുന്നത്.
പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും കുഴികള്‍ രുപപെട്ടിട്ടുണ്ട്. ഇവിടെ മാന്‍ഹോള്‍ തകര്‍ന്നിട്ട് മാസങ്ങളായി. ഇതിലുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ ശബ്ദം ഉണ്ടാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇത് മാറ്റാനാവശ്യമായ നടപടി പോലും സ്വീകരിച്ചിട്ടില്ല. ബസ് സ്റ്റാന്റ് ക്രോസ് റോസ് തുടങ്ങുന്നിടത്തും തകര്‍ന്നിരിക്കുകയാണ്. നെല്ലിക്കുന്ന് ബീച്ച് റോഡ് മെക്കാഡം ചെയ്‌തെങ്കിലും പലഭാഗവും തകര്‍ന്ന് ഗതാഗതം ദുസ്സഹമായിട്ടുണ്ട്. നഗരത്തേിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന കോട്ടക്കണ്ണി, ഫോര്‍ട്ട് റോഡ്, പുലിക്കുന്ന്, പള്ളം, ആനവാതുക്കല്‍, അശോക് നഗര്‍ റോഡ്, തുടങ്ങി പലറോഡുകളിലെല്ലാം വന്‍ കുഴികളാണ്. നഗരസഭയിലെ മുഴുവന്‍ റോഡുകളും കോണ്‍ക്രീറ്റ് ചെയ്യാന്‍ കഴിഞ്ഞ ബജറ്റില്‍ വിഹിതം വകയിരുത്തിയിരുന്നുവെങ്കിലും ചില റോഡുകള്‍ ഭാഗികമായാണ് കോണ്‍ക്രീറ്റ് ചെയ്തത്.
പ്രസ്‌ക്ലബ്ബ് ജങ്ഷന്‍ മുതല്‍ സിറ്റി ടവര്‍ വരേയും ട്രാഫിക് ഐലന്റ് മുതല്‍ പള്ളം റോഡും ആനവാതുക്കല്‍ മുതല്‍ പ്രസ്‌ക്ലബ്ബ് ജങ്ഷന്‍ പരിധിവരെ ഭാഗികമായാണ് കോണ്‍ക്രീറ്റ് ചെയ്തത്. നഗരത്തിലെ മിക്ക ഓവുചാലുകളുടേയും സ്ലാബുകള്‍ ഇളകിയ നിലയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. രാത്രി കാലങ്ങളില്‍ നടന്നുപോകുന്നവരാണ് അറിയാതെ കുഴിയില്‍ വീഴുന്നത്.
പഴയ ബസ് സ്റ്റാന്റിലെ മുബാറക് മസ്ജിദിനടുത്ത് റോഡരികിലെ ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് മാസങ്ങളായെങ്കിലും ഇത് പുനര്‍നിര്‍മിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് യാത്രക്കാര്‍ നടന്നുപോകുന്ന വഴിയാണിത്. കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപും ഓവുചാലിന്റെ സ്ലാബുകള്‍ തകര്‍ന്ന് മാസങ്ങളായിട്ടും ഇത് പുനര്‍നിര്‍മിച്ചിട്ടില്ല.
Next Story

RELATED STORIES

Share it