kannur local

നഗരത്തിലെ തീപ്പിടിത്തം: നാല് ലക്ഷത്തിന്റെ നഷ്ടം

കണ്ണൂര്‍: നഗരത്തിലെ ജെഎസ് പോള്‍ ജങ്ഷനിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു കടകള്‍ കത്തിനശിച്ച സംഭവത്തില്‍ നാലു ലക്ഷം രൂപയുടെ നഷ്ടമെന്ന് ഫയര്‍ഫോഴ്‌സ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ബേക്കറിയുടെ അപ്പക്കൂടില്‍ നിന്ന് തീയുയര്‍ന്നതാണോ തീപിടിത്തത്തിനു കാരണമെന്നു വ്യക്തമായിട്ടില്ല.
ടൗണ്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.10 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അഴീക്കോട് സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി ബേക്കറി പൂര്‍ണമായും സമീപത്തെ രാജുവിന്റെ ബെസ്റ്റോ ലഗേജിന്റെ മുകളിലത്തെ നിലയും കത്തിനശിച്ചു. കീര്‍ത്തി ബേക്കറിയുടെ റഫ്രിജറേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലിസ് നിഗമനം. ബേക്കറിയുടെ അടുക്കള ഭാഗം ഒഴികെയുള്ള ബാക്കിയുള്ളവയെല്ലാം കത്തിനശിച്ചു. ബേക്കറിയുടെ മുകള്‍ നിലയില്‍ നിന്നാണ് ബാഗ് കടയിലേക്ക് തീപടര്‍ന്നത്. ഇവിടെ വില്‍പനയ്ക്കു വച്ച ബാഗുകളും മറ്റു സാധനങ്ങളും കത്തിച്ചുനശിച്ചു.
12 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കടയുടമകള്‍ നല്‍കിയ പരാതിയിലുള്ളത്. കടകളെല്ലാം അടച്ച സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുരുക്കില്ലാത്തതിനാല്‍ അഗ്‌നിശമന സേനയ്ക്കു പെട്ടെന്ന് തന്നെ സ്ഥലത്തെത്താന്‍ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കണ്ണൂര്‍ ഫയര്‍‌സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ കെ രാജീവന്റെ നേതൃത്വത്തില്‍ മൂന്നും തലശ്ശേരിയില്‍ നിന്ന് ഒരു യൂനിറ്റും ഫയര്‍ഫോഴ്‌സ് സംഘം രണ്ടു മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്.
കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടി, ആലക്കോട് സിഐ എ വി ജോണ്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്ത്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പയ്യാമ്പലം കണ്‍ട്രോള്‍ റൂം പോലിസ് രാത്രികാല പട്രോളിങിനിടെയാണ് തീപ്പിടിത്തം കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it