Pathanamthitta local

നഗരത്തിലെ ഗതാഗത പരിഷ്‌കരണം: റിങ് റോഡ് വീണ്ടും അനാഥമായി

പത്തനംതിട്ട: പുതിയ ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ബസ്സുകളെല്ലാം ടൗണിനുള്ളിലൂടെ ആയതോടെ കോടികള്‍ മുടക്കി നിര്‍മിച്ച റിങ് റോഡ് വീണ്ടും അനാഥമായി. നഗരത്തിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുമായിരുന്ന ഒരു ബൃഹദ് പദ്ധതിയാണ് നഗരസഭ ഭരണ സമിതിയുടെ ദീര്‍ഘവീക്ഷണമില്ലാത്തതും വികലവുമായ തീരുമാനത്തിലൂടെ അവഗണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലെ റോഡുകളില്‍ ഏറ്റവും ഇടുങ്ങിയ റോഡുകളാണ് ജില്ലാ ആസ്ഥാനത്തേത്. ഇടവഴി പോലെയുള്ള റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ ചീറിപ്പായുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ആയിരത്തില്‍പ്പരം ആളുകളാണ് നിത്യേനെ ജില്ലാ ആസ്ഥാനത്തെത്തുന്നത്. അവര്‍ക്കൊന്നും തന്നെ അപകട ഭീഷണിയില്ലാതെ ഓഫിസുകളിലെത്താന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
വാഹനങ്ങളുടെ ബാഹുല്യം നിമിത്തം കാല്‍നട യാത്രക്കാര്‍ക്ക് മരണഭയ—മില്ലാതെ റോഡ് മുറിച്ചുകടക്കാനോ റോഡരികിലൂടെ യാത്ര ചെയ്യാനോ കഴിയുന്നില്ല.
ഇതിനൊക്കെ പരിഹാരമാവുമായിരുന്ന റിങ് റോഡിനെയാണ് നഗരസഭ ബോധപൂര്‍വ്വം അവഗണിച്ചിരിക്കുന്നത്. ടൗണിലേക്കെത്തുന്ന എല്ലാ ബസ്സുകളും കലക്‌ട്രേറ്റ്, ജനറല്‍ ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളുടെ സമീപത്തുകൂടെ പോവുന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തില്‍ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായുണ്ടായിരുന്നത്. എന്നാല്‍ അനാവശ്യമായി ടൗണ്‍ ചുറ്റി സഞ്ചരിക്കാന്‍ വയ്യെന്ന സ്വകാര്യ ബസ് മുതലാളിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുമായിരുന്ന ഈ സംവിധാനം അവസാനിപ്പിച്ചു.
റാന്നി, കോന്നി തുടങ്ങിയ മലയോര മേഖലകളില്‍ നിന്നും വരുന്നവര്‍ക്ക് ഇതോടെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലിറങ്ങി കലക്‌ട്രേറ്റിലും ജനറല്‍ ആശുപത്രിയിലും മറ്റും ഓട്ടോ പിടിച്ച് പോവേണ്ട സ്ഥിതിയാണുണ്ടായത്. ഓട്ടോക്കാരാണെങ്കില്‍ ഇതൊരു ചാകരകാലമായി കരുതി യാത്രക്കാരില്‍ നിന്നു തോന്നിയ ചാര്‍ജും ഈടാക്കി.
ഇത് സംബന്ധിച്ച് പരാതി വ്യാപകമായതോടെ കെഎസ്ആര്‍ടിസിയുമായി ആലോചിച്ച് ടൗണ്‍ സര്‍ക്കുലര്‍ ആരംഭിച്ചു. കുറച്ചുകാലം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ ടൗണ്‍ സര്‍ക്കുലര്‍ ബസ്സുകള്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചത് മാലോകരാരും അറിഞ്ഞതുമില്ല.
തുടര്‍ന്നായിരുന്നു യാത്ര ബസ്സുകളെ ടൗണില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് പുതിയ ഗതാഗത പരിഷ്‌കരണം ഏര്‍പ്പാടാക്കിയത്.
അതോടെ ഉറങ്ങിക്കിടന്ന റിങഗ് റോഡിന് പുത്തനുണര്‍വായി. നഗരത്തില്‍ ഗതാഗത തിരക്കിനും അയവുണ്ടായി. എന്നാല്‍ വീണ്ടും ഗതാഗതം പുതുക്കി നിശ്ചയിച്ചു.
അങ്ങനെ റിങ് റോഡിലൂടെ സുഗമമായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സുകളെയെല്ലാം പിടിച്ച് ടൗണിനുള്ളിലൂടെയാക്കി. ഇപ്പോള്‍ എല്ലാ വാഹനങ്ങളുമായി നഗരത്തില്‍ ഏത് സമയവും ഗതാഗതക്കുരുക്ക് മാത്രമായി.
Next Story

RELATED STORIES

Share it