Pathanamthitta local

നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേഡിയം ജങ്ഷന്‍ നവീകരണം അന്തിമഘട്ടത്തില്‍

പത്തനംതിട്ട: നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേഡിയം ജങ്ഷന്‍ നവീകരണം അവസാനഘട്ടത്തില്‍. സ്റ്റേഡിയം ജങ്ഷനില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലേക്ക് തിരിയുന്ന ഭാഗം സ്ലാബ് നിര്‍മിച്ച് വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോള്‍ നടത്തുന്നവരുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ കോളജ് റോഡില്‍ നിന്ന് നഗരത്തിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് കാത്തുകിടക്കാതെ ഇടതുവശത്തേക്ക് തിരിഞ്ഞ് റിങ്‌റോഡില്‍ പ്രവേശിക്കാനാവും. 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൊതുമരാമത്ത് വകുപ്പാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.
കോളജ് റോഡില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്തിനൊപ്പം, സ്റ്റേഡിയം റോഡിലേക്ക് തിരിയുന്ന ഭാഗത്തും വീതി കൂട്ടുന്നുണ്ട്. ഇതോടെ അബാന്‍ ജങ്ഷനില്‍ സ്‌റ്റേഡിയം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും കാത്തുകിടക്കാതെ കോളജ് റോഡിലേക്ക് പ്രവേശിക്കാനാവും. റിങ് റോഡിന്റെ ഭാഗത്ത് പത്തുമീറ്ററും കോളജ് റോഡിന്റെ ഭാഗത്ത് ഏഴു മീറ്ററുമാണ് വീതികൂട്ടുന്നത്. സെന്റ്പീറ്റേഴ്‌സ് ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്തെ തോടിന്റെ ഇരുവശവും കെട്ടി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.
തോടിനോട് ചേര്‍ന്നുള്ള കലുങ്കിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ തടസ്സമാവുന്നുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
പത്തനംതിട്ട നഗരത്തില്‍ നിന്ന് ഓമല്ലൂര്‍, കൈപ്പട്ടൂര്‍, അടൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്‌റ്റേഡിയം ജങ്ഷനില്‍ എത്തിയാണ് തിരിഞ്ഞ് പോവുന്നത്. ഒരേ സമയം റിങ് റോഡ് വഴിയും കോളജ് റോഡിലൂടെയും ബസ്സുകള്‍ എത്തുന്ന സേറ്റഡിയം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. ഇതിനു പറമേ, റോഡുകള്‍ക്ക് ആവശ്യത്തിന് വീതി ഇല്ലാത്തത് നിരന്തരം അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ജങ്ഷന്‍ വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്.
റോഡിനിരുവശവും വീതി കൂട്ടി സിഗ്നല്‍ ലൈറ്റ് കൂടി സ്ഥാപിക്കുന്നതോടെ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it