നക്ബയുടെ ഓര്‍മകളിലൂടെ

നക്ബയുടെ ഓര്‍മകളിലൂടെ
X
slug-ck-abdullaമനുഷ്യനാഗരികതയുടെ പ്രഭവകേന്ദ്രങ്ങളില്‍ പ്രധാനമായ ഫലസ്തീന്‍ പ്രദേശത്തെ അടിസ്ഥാന ജനവിഭാഗം ഒന്നാകെ അന്യവല്‍ക്കരിക്കപ്പെട്ടതിന്റെ അനുസ്മരണമായിരുന്നു മെയ് 15ന്. 1948 മെയ്പകുതിയോടെ ഫലസ്തീനിലെ പ്രധാന നഗരങ്ങളും 530ലധികം ഗ്രാമങ്ങളും ആക്രമിച്ചു കൈയടക്കി അവിടങ്ങളില്‍ പരമ്പരാഗതമായി ജീവിക്കുന്ന അറബ് ജനതയെ കൊന്നും ഓടിച്ചും തുടച്ചുനീക്കി തല്‍സ്ഥാനത്ത് ഇസ്രായേല്‍ എന്ന പേരില്‍ ഒരു തെമ്മാടിരാഷ്ട്രം ബലാല്‍ സ്ഥാപിച്ചതിനെയാണ് അറബ്‌ലോകം നക്ബ (കൊടും ദുരന്തം) എന്നു വിളിക്കുന്നത്. പ്രമാദമായ ദീര്‍ യാസീന്‍ കൂട്ടക്കൊലയടക്കമുള്ള ഉന്മൂലനങ്ങളിലൂടെ 13,000ത്തിലധികം പേര്‍ അന്ന് കൊലചെയ്യപ്പെടുകയും ഏഴരലക്ഷത്തിലധികം പേര്‍ കിടപ്പാടങ്ങളില്‍നിന്ന് പുറത്താവുകയും ചെയ്ത വംശീയ ഉന്മൂലനം. പരമ്പരാഗതമായി അധിവസിക്കുന്നവരെ തുടച്ചുനീക്കിയതിനുശേഷം അവര്‍ ഒരിക്കലും തിരിച്ചുവരാത്തവിധം രാഷ്ട്രീയ, ഭൂപരിഷ്‌കരണ നടപടികള്‍ ഇസ്രായേല്‍ കൈക്കൊണ്ടു. അറബ് നാമങ്ങള്‍ മുഴുവനായി മായ്ച്ചുകളഞ്ഞു. ചരിത്രരേഖകള്‍ കഴിയുന്നത്ര നശിപ്പിക്കുകയും തങ്ങള്‍ക്ക് ആവശ്യമായവ മുസ്‌ലിംകളും ക്രിസ്ത്യാനികളുമടങ്ങിയ അറബികള്‍ക്ക് പ്രാപ്യമല്ലാത്തവിധം കണ്ടുകെട്ടുകയും ചെയ്തു.
ഗ്രാമങ്ങളിലെ അറബ് ഭവനങ്ങള്‍ തകര്‍ത്ത് അവിടങ്ങള്‍ കൃഷിയിടങ്ങളാക്കുകയും അറബ് കൃഷിയിടങ്ങള്‍ തകര്‍ത്ത് തലസ്ഥാനങ്ങളില്‍ ജൂത കുടിയേറ്റ നഗരങ്ങള്‍ പണിയുകയും ചെയ്തു. പിടിച്ചടക്കലിനുശേഷം ബാക്കിയായ കഷണങ്ങള്‍ (ഫലസ്തീന്റെ മൊത്തം വിസ്തൃതിയുടെ അഞ്ചിലൊന്നു മാത്രമായിരുന്നുവത്) വെസ്റ്റ്ബാങ്ക്, ഗസാ ചീന്ത് എന്നിങ്ങനെ പരസ്പരം ബന്ധമില്ലാത്ത രണ്ടു ഭാഗങ്ങളായി വിഭജിച്ചു ഛിന്നഭിന്നമാക്കി. കാലക്രമേണ ആ പ്രദേശങ്ങളും ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള പദ്ധതികള്‍ ഇസ്രായേല്‍ നിരന്തരം നടപ്പാക്കിയപ്പോള്‍ വെസ്റ്റ്ബാങ്കിന്റെ പല ഭാഗങ്ങളും ജൂതകുടിയേറ്റം വിഴുങ്ങിക്കഴിഞ്ഞു. ഗസ മാത്രമാണ് ഇന്തിഫാദയിലൂടെ കുടിയേറ്റക്കാരെ കുടഞ്ഞെറിഞ്ഞ് ഇന്നും ശക്തമായി ചെറുത്തുനില്‍ക്കുന്നത്.
ഫലസ്തീനിലെ അറബ് വംശജരെ പുറത്താക്കി ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ യഥാര്‍ഥത്തില്‍ നക്ബയ്ക്ക് ഒന്നരനൂറ്റാണ്ടു മുമ്പ് തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഏകാധിപതി നെപ്പോളിയന്‍ ബോണാപാര്‍ട്ട് 1799ല്‍ അറബ് ലോകത്തു നടത്തിയ പടയോട്ടത്തിനിടെ ഫലസ്തീന്‍ ഭൂമിയില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് ഫ്രാന്‍സ് മുന്‍കൈയെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലെ ജൂതരെ വിദൂരത്ത് കുടിയിരുത്തുന്നതിനപ്പുറം അറബ് ലോകത്തെ സ്ഥിരം കോളനിയിലായിരുന്നു നെപ്പോളിയന്റെ കണ്ണ്. നെപ്പോളിയന്റെ ആര്‍ത്തി അന്നു നടന്നില്ലെങ്കിലും ഒടുങ്ങിയുമില്ല. ഒരു നൂറ്റാണ്ടിനുശേഷം അന്നത്തെ കോളനി മേധാവികളായ ബ്രിട്ടിഷുകാര്‍ ഈ ആഹ്വാനം പുനരുജ്ജീവിപ്പിച്ചു. ബ്രിട്ടന്റെ പിന്തുണയുടെ പിന്‍ബലത്തിലായിരുന്നു 1897ല്‍ നടന്ന സയണിസ്റ്റ് സമ്മേളനം ഫലസ്തീനില്‍ ഏതുവിധേനയും ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് പഖ്യാപിച്ചത്.
പൗരസ്ത്യ ദേശങ്ങളില്‍ കോളനിപ്രഭുക്കളുടെ ആര്‍ത്തിക്കു മുമ്പില്‍ പ്രധാന തടസ്സമായിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയ്യ ഭരണകൂടത്തെ ഒന്നാം ലോകയുദ്ധത്തിന്റെ മറവില്‍ ദുര്‍ബലമാക്കിയതോടെ സയണിസ്റ്റ് ആഹ്വാനം നടപ്പാക്കാനുള്ള പ്രായോഗിക പരിപാടികള്‍ തുടങ്ങിയിരുന്നു. 1917ല്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ആര്‍തര്‍ ബാല്‍ഫര്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്റെ പിന്തുണയുണ്ടാവുമെന്നു സയണിസ്റ്റ് നേതൃത്വത്തിന് രേഖാമൂലം ഉറപ്പുനല്‍കിയതോടെ സംഭവങ്ങള്‍ ത്വരിതഗതിയിലായി. ബ്രിട്ടന്റെ കോളനിയായിരുന്ന ഫലസ്തീനില്‍ യൂറോപ്പില്‍നിന്നു ജൂതര്‍ കൂട്ടമായി കുടിയേറുകയും അറബികളെ ഭീഷണിപ്പെടുത്തി ചുളുവിലയ്ക്ക് കൃഷിഭൂമി തട്ടിയെടുക്കുകയും ചെയ്തു.
പച്ചയായ ഈ അതിക്രമം തടയാന്‍ കെല്‍പ്പുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍ അന്നും മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഫലസ്തീനികള്‍ തങ്ങളാലാവുന്ന ജനകീയ ചെറുത്തുനില്‍പുകള്‍ നടത്തിനോക്കായ്കയുമല്ല. 1936ല്‍ ബ്രിട്ടിഷ്‌സാമ്രാജ്യത്വത്തിനും സയണിസ്റ്റ് അധിനിവേശത്തിനുമെതിരേ നടന്ന അറബ് വിപ്ലവം അത്തരം വലിയൊരു ജനകീയ ചെറുത്തുനില്‍പായിരുന്നു. കൂറ്റന്‍ സാമ്രാജ്യത്വത്തെയും അമ്പതിനായിരത്തോളം വരുന്ന ശക്തമായ സയണിസ്റ്റ് സായുധസംഘങ്ങളെയും ഒരേസമയം നേരിട്ട ഈ വിപ്ലവത്തെ 1939ല്‍ ബ്രിട്ടന്‍ അടിച്ചൊതുക്കി. പിന്നീട് തികച്ചും നാടകീയമായി, അന്താരാഷ്ട്ര ഔദ്യോഗിക പരിവേഷത്തോടെയാണ് കാര്യങ്ങള്‍ അരങ്ങേറിയത്. ഫലസ്തീന്‍ ഭൂമിയെ അറബ്-ജൂത രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള യൂറോപ്യന്‍ പദ്ധതി 1947 നവംബര്‍ 29ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. ഫലസ്തീന്റെ 55 ശതമാനം ഭൂമി ജൂതര്‍ക്ക് നല്‍കുന്ന ഈ പദ്ധതി സ്വാഭാവികമായും അറബ് സമൂഹം തള്ളിക്കളഞ്ഞു. എന്നാല്‍, തങ്ങളുടെ പദ്ധതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച സയണിസ്റ്റുകള്‍ 1948 തുടക്കത്തോടെ അറബ് വംശജരെ കടന്നാക്രമിച്ച് കൊലയും കൊള്ളയും ബലാല്‍സംഗങ്ങളും നടത്തി അവരെ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കിക്കൊണ്ടിരുന്നു. ഫലസ്തീനില്‍ സുരക്ഷാച്ചുമതല നിര്‍വഹിച്ചിരുന്ന ബ്രിട്ടന്‍ 1948 മെയ് 14നു തങ്ങള്‍ ഫലസ്തീനില്‍നിന്ന് പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിക്കുകയും വെള്ളപ്പട്ടാളം രാത്രിക്കുരാത്രി കെട്ടുകെട്ടുകയും ചെയ്തു. അതേ രാത്രി തന്നെ സയണിസ്റ്റ് നേതാവ് ഡേവിഡ് ബെന്‍ഗോരിയോണ്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കകം ആദ്യം റഷ്യയും തുടര്‍ന്ന് അമേരിക്കയും ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിച്ചു. നക്ബകള്‍ തുടരുന്ന സമകാലിക അറബ് ലോകത്ത് വില്ലന്‍വേഷങ്ങളില്‍ തിമര്‍ക്കുന്നവരും ഇതേ ശക്തികള്‍തന്നെയാണല്ലോ.
നക്ബയുടെ ഫലമായി കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീന്‍ വംശജരുടെ പരമ്പര ഇപ്പോള്‍ 70 ലക്ഷം കവിഞ്ഞു. അവരില്‍ ഭൂരിഭാഗവും ഇപ്പോഴും ചുറ്റുമുള്ള അറബ് പ്രദേശങ്ങളിലെ അഭയാര്‍ഥിസമൂഹമാണ്. ലബ്‌നാനിലെ സബ്ര-ശാതില ക്യാംപുകളില്‍ നടന്നതുപോലുള്ള അനേകം ഉന്മൂലനചരിത്രങ്ങള്‍ രചിക്കപ്പെട്ടത് അവരുടെ ചോരകൊണ്ടാണ്. ഇപ്പോള്‍ നടക്കുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ദമസ്‌കസിലെ യര്‍മുക് ക്യാംപ് അടക്കമുള്ള അഭയാര്‍ഥി ക്യാംപുകളിലെ ഇരകളും നക്ബയുടെ ദുരന്തസന്തതികള്‍ തന്നെ. ചെറിയൊരു വിഭാഗം മാത്രമാണ് അന്നു പടിഞ്ഞാരും വിദൂരദിക്കുകളും കരപറ്റിയത്.
ഇസ്രായേല്‍ രാഷ്ട്രപ്രഖ്യാപനം നടത്തുന്നതിന് ഫലസ്തീനികളോട് ചെയ്ത അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് അന്ന് ബെന്‍ഗോറിയോന്‍ പറഞ്ഞത്, ''അവരിലെ മുതിര്‍ന്നവര്‍ വൈകാതെ മരിച്ചു മണ്ണടിയും, യുവതലമുറ ക്രമേണ കാര്യങ്ങള്‍ മറക്കും'' എന്നായിരുന്നു. പക്ഷേ, അറബ് ഭൂമികയുടെ മാറില്‍ കുത്തിയിറക്കിയ കഠാരപോലെ തോന്നിക്കുന്ന ഇസ്രായേല്‍ മാപ്പ് തങ്ങളുടെ മനസ്സുകളില്‍ വിങ്ങുന്ന നെരിപ്പോടായി ഫലസ്തീനികള്‍ കൊണ്ടുനടക്കുന്നു. തങ്ങളുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് എന്ന ലക്ഷ്യത്തെ ഊതിക്കാച്ചിയെടുക്കുന്ന പ്രക്രിയയാണ് അവരുടെ ഒരോ ചെറുത്തുനില്‍പ്പുകളും. ജനകീയ പോരാട്ടങ്ങളിലൂടെയും തീക്ഷ്ണമായ കലാസാഹിത്യസൃഷ്ടികളിലൂടെയും അവരത് തലമുറകള്‍ക്ക് കൈമാറുന്നു. കുടിയേറിയ ഇടങ്ങളില്‍ സുഖിയന്മാരായി കഴിഞ്ഞ് കൂടപ്പിറപ്പുകളെ മറന്നവരും ഒറ്റുകാരും ഒരു ബൃഹദ്‌സമൂഹത്തിലെ സ്വാഭാവിക വെല്ലുവിളികള്‍ മാത്രം. നഷ്ടസ്വര്‍ഗം തിരിച്ചെടുക്കല്‍ സ്വപ്‌നമായെങ്കിലും കൊണ്ടുനടക്കുന്നവരാണ് ഫലസ്തീനികളിലെ ഭൂരിഭാഗവും. അമേരിക്കയിലും കാനഡയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും കരപറ്റി ഭേദപ്പെട്ട ജീവിതത്തിനു ഭാഗ്യം ലഭിച്ച ചുരുക്കം ചിലരുടെ പുതുതലമുറകള്‍ക്കുപോലും തിരിച്ചുവരവ് ഒരു ദൗത്യമായി അവര്‍ പകര്‍ന്നുകൊടുക്കുന്നു. അറബ് ലോകം കത്തിയെരിയുന്ന പുതിയ സാഹചര്യത്തില്‍പ്പോലും ഇസ്രായേലി പട്ടാളത്തോട് ഏറ്റുമുട്ടിയും കണ്ണുവെട്ടിച്ചും തങ്ങളുടെ പൂര്‍വികര്‍ പുറത്തായ ഭൂമിയില്‍ കാലുകുത്തി ആ മണ്ണെടുത്ത് മുത്തുകയും അവിടങ്ങളില്‍ ദൈവത്തിന് പ്രണാമമര്‍പ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ നിരവധിയുണ്ട്.
1998ല്‍, നക്ബയുടെ 50ാം ആണ്ടില്‍ തുടങ്ങിയ പുതിയ സമരരീതി അധിനിവേശ രാഷ്ട്രത്തെ നന്നായി അലോസരപ്പെടുത്തുന്നു. ഇസ്രായേലികള്‍ അവരുടെ രാഷ്ട്രപ്പിറവി ആഘോഷിക്കുന്ന മെയ് 15ന് അവര്‍ കൈയേറിയ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോക്കിന്റെ പ്രതീകാത്മക മാര്‍ച്ച് നടത്തുന്ന ഈ സമരത്തിന് 'നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ദുരന്തം' എന്ന കിടിലന്‍ പേരും അവര്‍ കൊടുത്തിരിക്കുന്നു. ഇന്നത്തെ ഇസ്രായേല്‍ പട്ടണങ്ങളുടെ ഭാഗമായിക്കഴിഞ്ഞ പഴയ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഓരോന്നും ഓരോ വര്‍ഷവും തിരഞ്ഞെടുത്ത് അവയിലേക്ക് മാര്‍ച്ച് നടത്തുന്നതോടൊപ്പം അവിടങ്ങളില്‍ നടന്ന ഉന്മൂലനചരിത്രവും അവര്‍ ലോകത്തോട് വിളിച്ചുപറയുന്നു. നഖബ് പട്ടണത്തിന്റെ ഭാഗമായ വാദി സുബാല ഗ്രാമത്തിലേക്കായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച്. സ്വാഭാവികമായും ഇസ്രായേല്‍ പോലിസിന്റെ അടിയും തൊഴിയും അറസ്റ്റും മാര്‍ച്ചില്‍ പങ്കെടുത്തവരെ എതിരേറ്റു. എന്നാല്‍, അതൊന്നും അവരെ 'തിരിച്ചുവരവ്' എന്ന ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല. മാത്രമല്ല, നക്ബയുടെ 68ാമാണ്ടില്‍ അഖ്‌സയില്‍ നടക്കുന്ന ഇസ്രായേല്‍ അധിനിവേശത്തിനെതിരേ വെസ്റ്റ്ബാങ്കിലെ ചെറുപ്പക്കാര്‍ ആരുടെയും ആഹ്വാനമില്ലാതെ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഇന്തിഫാദതുല്‍ ഖുദ്‌സ് എന്ന കത്തിവിപ്ലവം കൂടുതല്‍ ശക്തമാക്കാന്‍ പുനപ്രതിജ്ഞയെടുക്കുകയായിരുന്നു അവര്‍.
തിരിച്ചുവരവെന്ന തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അറബ് ലോകത്ത് ആരുടെയും പിന്‍ബലമില്ല എന്ന യാഥാര്‍ഥ്യബോധത്തില്‍നിന്നാണ് ഫലസ്തീനികളുടെ സ്വയം ചെറുക്കല്‍ ശക്തിപ്പെടുന്നത്. മേഖലയിലെ ചില ഭരണകൂടങ്ങള്‍ ഫലസ്തീന്‍ ചെറുത്തുനില്‍പിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത് തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു മറപിടിക്കാനായിരുന്നുവെന്ന് അറബ് വിപ്ലവങ്ങളുടെ ഛിദ്രണത്തോടെ വെളിവായി. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ആത്മാര്‍ഥത കാണിക്കുന്ന ഒരു ഭരണകൂടത്തെയും മേഖലയില്‍ വച്ചുപൊറുപ്പിക്കില്ലെന്നതിന് ഒന്നാന്തരം തെളിവായിരുന്നു ഈജിപ്തിലെ ബ്രദര്‍ഹുഡ് ഭരണത്തെ അട്ടിമറിച്ചത്. അധിനിവേശത്തെ ചെറുക്കുന്നുവെന്നു പറയുന്ന ചില സായുധ ചെറുത്തുനില്‍പുകാര്‍പോലും മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷ ജനതയുടെ പിന്തുണ നേടാന്‍ വേണ്ടി മാത്രം ശാം പ്രദേശങ്ങള്‍ സംബന്ധമായ പ്രമാണശകലങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചില ആഹ്വാനങ്ങള്‍ക്ക് സ്വയം നല്‍കിയ മതകീയ വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വന്തം സ്വന്തമായ ചെറു ഇമാറത്തുകളും ഖിലാഫത്തുകളും ആഘോഷിക്കുകയും അവയുടെ നിലനില്‍പിനായി അന്യോന്യം ചോരചിന്തുന്നതിന് പുതുസിദ്ധാന്തങ്ങള്‍ തീര്‍ത്ത് മുസ്‌ലിം ലോകത്തെ പരമാവധി ആശയക്കുഴപ്പത്തില്‍ മുക്കുകയും ചെയ്യുന്നവരാരും തന്നെ പ്രവാചകന്‍ വിരല്‍ചൂണ്ടിയ ശാം പ്രദേശത്തിന്റെ സിരാകേന്ദ്രമായ ഫലസ്തീന്‍പ്രദേശത്തെ അധിനിവേശത്തില്‍നിന്നു മോചിപ്പിക്കല്‍ തങ്ങളുടെ ലക്ഷ്യമാണെന്നു പറയുന്നുപോലുമില്ല. അപ്പോഴും വെളുക്കെ ചിരിക്കുന്നത് സയണിസ്റ്റ് അധിനിവേശം തന്നെ.
Next Story

RELATED STORIES

Share it