Sports

ധോണിയെ കോഹ്‌ലി അടിച്ചൊതുക്കി

ബാംഗ്ലൂര്‍: ടീം ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിലുള്ള മാറ്റുരയ്ക്കലില്‍ വീ ണ്ടും വിരാട് കോഹ്‌ലിക്കു ജയം. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ മഹേന്ദ്രസിങ് ധോണി നയിച്ച റൈസിങ് പൂനെ ജയന്റ്‌സിനെ ഏഴു വിക്കറ്റിനാണ് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കെട്ടുകെട്ടിച്ചത്. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം സെഞ്ച്വറിയുമായി കത്തിക്കയറിയ കോഹ്‌ലിയുടെ പ്രകടനമാണ് ബാംഗ്ലൂരിനെ ജയത്തിലെത്തിച്ചത്. കേവലം 58 പന്തില്‍ എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 108 റണ്‍സോടെ കോഹ്‌ലി പുറത്താവാതെ നിന്നു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെടുത്തു. ഓപണര്‍ അജിന്‍ക്യ രഹാനെയുടെയും (74) സൗരഭ് തിവാരിയുടെയും (52) അര്‍ധസെഞ്ച്വറികാണ് പൂനെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 48 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും രഹാനെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.മറുപടിയില്‍ കോഹ്‌ലിയുടെ തീപ്പൊരി ഇന്നിങ്‌സ് മൂന്നു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ബാംഗ്ലൂരിനെ ജയത്തിലെത്തിച്ചു. ലോകേഷ് രാഹുല്‍ (38), ഷെയ്ന്‍ വാട്‌സന്‍ (36) എന്നിവരുടെ വിലപ്പെട്ട ഇന്നിങ്‌സുകളും ബാംഗ്ലൂര്‍ ജയത്തിന് അടിത്തറയിട്ടു. വെറും 13 പന്തിലാണ് വാട്‌സന്‍ 36 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. നേരത്തേ മൂന്നു വിക്കറ്റെടുത്ത് വാട്‌സന്‍ ബൗളിങിലും മിന്നിയിരുന്നു. വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിനു മികച്ച തുടക്കമാണ് ഓപണര്‍മാരായ കോഹ്‌ലിയും രാഹുലും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എബി ഡിവില്ലിയേഴ്‌സ് (1) പെട്ടെന്നു മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റി ല്‍ വാട്‌സനൊപ്പം 46ഉം അപരാജിതമായ നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡിനൊപ്പം 52ഉം കൂട്ടുകെട്ടുണ്ടാക്കി കോഹ്‌ലി ബാംഗ്ലൂരിനെ വിജയതീരത്തടുപ്പിച്ചു. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.നേരത്തേ ഗുജറാത്ത് ലയണ്‍സിനെതിരായ കളിയിലും കോഹ്‌ലി (100*) മൂന്നക്കം തികച്ചിരുന്നു. അന്ന് സെഞ്ച്വറിക്കായി 62 പന്ത് വേണ്ടിവന്നിരുന്നെങ്കില്‍ ഇന്നലെ 56 പന്തിലായിരുന്നു താരത്തിന്റെ ശതകം. സീസണില്‍ രണ്ടാം തവണയാണ് പൂനെയ്‌ക്കെതിരേ ബാംഗ്ലൂര്‍ വെന്നിക്കൊടി പാറിക്കുന്ന ത്. പൂനെയില്‍ കഴിഞ്ഞ മാസം 22നു നടന്ന കളിയിലും ബാംഗ്ലൂ ര്‍ ജയം കൊയ്തിരുന്നു.
Next Story

RELATED STORIES

Share it