ധോണിക്കെതിരേ വീണ്ടും ഒത്തുകളി ആരോപണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി വീണ്ടും ഒത്തുകളി വിവാദത്തില്‍. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ധോണി വാതുവെപ്പിന് കൂട്ടുനിന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് ഇന്ത്യന്‍ ടീമിന്റെ മാനേജറും ഇപ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സുനില്‍ ദേവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സണ്‍ സ്റ്റാര്‍ എന്ന ഹിന്ദി പത്രം നടത്തിയ ഒളികാമറ ഓപറേഷനിലാണ് സുനിലിന്റെ വെളിപ്പെടുത്തല്‍.
മഴപെയ്ത് നനഞ്ഞ പിച്ചില്‍ ടോസ് കിട്ടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനായിരുന്നു ടീം മീറ്റിങില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ച് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുനില്‍ വെളിപ്പെടുത്തുന്നത്. ആ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും സുനില്‍ പറയുന്നു. ഈ വിഷയം ഉന്നയിച്ച് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. ക്രിക്കറ്റിനുണ്ടാകുന്ന ഹാനി മാനിച്ചാണ് ഇത്രയും കാലം സംഭവം പുറത്തറിയിക്കാതിരുന്നതെന്നാണ് സുനിലിന്റെ ന്യായം.
എന്നാല്‍, താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സുനില്‍ ഇന്നലെ വ്യക്തമാക്കി. തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഹിന്ദി ദിനപത്രത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിലിന്റെ വാദങ്ങള്‍ ശരിയല്ലെന്ന് ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് മുദ്ഗലും പ്രതികരിച്ചു.
Next Story

RELATED STORIES

Share it