ധാരണയാവാതെ പി.എല്‍.സി; ഇന്നും ചര്‍ച്ച

തിരുവനന്തപുരം: തോട്ടംതൊഴിലാളികളുടെ മിനിമം കൂലി തീരുമാനിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തിലും ധാരണയായില്ല. രണ്ടാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ പി.എല്‍.സി. യോഗം അഞ്ചുമണിക്കൂറോളം നീണ്ടെങ്കിലും ഒത്തുതീര്‍പ്പ് ഉണ്ടാവാത്തതിനെ തുടര്‍ന്ന് ചര്‍ച്ച ഇന്നത്തേക്കു മാറ്റി. ഇന്നു രാവിലെ 11 മണിക്ക് ചര്‍ച്ചകള്‍ വീണ്ടും തുടരും. ഇതുവരെയുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ഇന്നു വീണ്ടും തുടരുമെന്നും തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. മിനിമം കൂലി 500 രൂപയെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തൊഴിലാളി യൂനിയനുകള്‍ തയ്യാറായതാണ് ഇന്നലത്തെ ചര്‍ച്ചയിലുണ്ടായ ഏക പുരോഗതി.

30 ശതമാനമെങ്കിലും കൂലിവര്‍ധന എന്ന നിലപാടിലേക്ക് അവര്‍ എത്തിയെങ്കിലും ഉടമകളുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ല. തേയിലത്തൊഴിലാളികള്‍ക്ക് 33 രൂപ മിനിമം കൂലി വര്‍ധിപ്പിച്ചുനല്‍കാമെന്നായിരുന്നു അവരുടെ നിലപാട്. യൂനിയനുകള്‍ ഇതിനോട് യോജിക്കാതെ വന്നതോടെ ചര്‍ച്ച വഴിമുട്ടി. ഇന്ന് മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്യും. തുടര്‍ന്നായിരിക്കും വീണ്ടും പി.എല്‍.സി. യോഗം. പി.എല്‍.സി. യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് സമരം ഒത്തുതീര്‍പ്പാക്കാനാവശ്യമായ ഇടപെടലിന് മുഖ്യമന്ത്രി ഇവരോട് അഭ്യര്‍ഥിച്ചു. എളമരം കരീം, കെ പി രാജേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത്. അതേസമയം, പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച സെക്രട്ടേറിയറ്റിനു മുന്നിലെ ഉപവാസ സമരത്തില്‍നിന്നു യൂനിയനുകള്‍ പിന്മാറി.
Next Story

RELATED STORIES

Share it