Districts

ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: മന്ത്രി കെ എം മാണി രാജിവച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്ത ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിക്കും. മാണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി തന്നെ നോക്കിയാല്‍ മതിയെന്നാണ് നിര്‍ദേശമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാര്‍ രാജിവയ്ക്കുമ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മുഖ്യമന്ത്രിയില്‍ വന്നുചേരുക സ്വാഭാവികമായ നടപടി മാത്രമാണ്. ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല. ഉണ്ണിയാടന്റെ രാജിക്കാര്യം കെ എം മാണിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
മാണി സ്വയം തീരുമാനിച്ചതാണ് രാജി. ആരും നിര്‍ബന്ധിച്ചിട്ടില്ല. മാണിയോട് യുഡിഎഫോ കോണ്‍ഗ്രസ്സോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കോടതിവിധിയില്‍ മാണിസാറിനെതിരേ എന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയാരോപണം ഉന്നയിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനോ ആത്മവിശ്വാസം നഷ്ടപ്പെടുത്താനോ നോക്കേണ്ട. അഴിമതി ആരു നടത്തിയാലും സംരക്ഷിക്കില്ല.
എന്നാല്‍, ബാര്‍ കോഴയില്‍ കെ എം മാണി കുറ്റവാളിയല്ലെന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കെ എം മാണി മേല്‍ക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാല്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്ന കാര്യം അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കോടതിവിധിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായാണ് വാര്‍ത്ത നല്‍കിയത്. പാമൊലിന്‍ കേസില്‍ സാഹചര്യം ഇതായിരുന്നില്ല. പ്രതിപക്ഷം അന്ന് വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്.
വിഴിഞ്ഞം പദ്ധതിയില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവാണ് ആറായിരം കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപണമുന്നയിച്ചത്. പിന്നീടൊന്നും മിണ്ടിയില്ല. അതേക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചോ എന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചു.
മദ്യനിരോധനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, കൂടുതല്‍ കര്‍ശനമായ നടപടികള്‍ വരുമെന്നും പറഞ്ഞു. പ്രതികാര നടപടിയുടെ ഭാഗമായല്ല, മറിച്ച്, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ഈ തീരുമാനം. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം മദ്യനയമാണെന്ന വിലയിരുത്തലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ആറു മാസം മാത്രം ശേഷിക്കെ ധനവകുപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കണോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ധനമന്ത്രിസ്ഥാനത്തിനു കേരളാ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാല്‍ ഇനി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടതില്ല.
Next Story

RELATED STORIES

Share it