thrissur local

ധനകാര്യ വകുപ്പിന്റെ മെല്ലെപ്പോക്ക് ; കേരഫെഡിന് നല്‍കിയ തേങ്ങയുടെ വില കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്ന് പരാതി

ചാവക്കാട്: താഴ്ന്ന വിലയ്ക്കു കേരഫെഡിന് തേങ്ങ നല്‍കി ഒരുമാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് കര്‍ഷകരുടെ പരാതി. തേങ്ങയുടെ താങ്ങുവില ഒരുമാസമായി കിട്ടാതെവന്നതോടെ കേരകര്‍ഷകര്‍ കൃഷിഭവനുകളില്‍ കയറിയിറങ്ങുകയാണ്. എന്നാല്‍ തുക എന്നു നല്‍കാനാവുമെന്ന് കൃഷി ഓഫിസര്‍മാര്‍ക്കും പറയാനാവുന്നില്ല.
വെള്ളമടക്കമുള്ള ഒരു കിലോ തേങ്ങയ്ക്ക് 25 രൂപയാണ് ഏതാനും മാസങ്ങളായി സര്‍ക്കാരിന്റെ താങ്ങുവില. കഴിഞ്ഞ ജനുവരിയില്‍ 32 രൂപവരെ താങ്ങുവില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് 30, 28 എന്നിങ്ങനെ വിലകുറഞ്ഞ് ഇപ്പോള്‍ ആറു മാസത്തോളമായി 25 രൂപയിലേക്കു താഴ്ന്നു.
ഇത്രയും താഴ്ന്ന വിലയ്ക്കു തേങ്ങ നല്‍കിയിട്ടും ഒരുമാസമായി പണം ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ പാസാക്കിയ പണം ധനവകുപ്പ് നല്‍കിയിട്ടില്ല. കേരഫെഡാണ് കേരളത്തിലെ കൃഷിഭവനുകളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി തേങ്ങ സംഭരിക്കുന്നത്. കൃഷിഭവനുകളുടെ നേതൃത്വത്തില്‍ തേങ്ങ സംഭരിച്ചു കേരഫെഡിനു കൈമാറുകയാണ് പതിവ്.
എന്നാല്‍, സംസ്ഥാനത്തെ പകുതിയോളം കൃഷിഭവനുകള്‍ ഇതുമായി സഹകരിക്കുന്നില്ലത്രേ. സംസ്ഥാനത്തു കൂടുതല്‍ തേങ്ങ സംഭരിക്കുന്ന ജില്ലകളിലൊന്നാണ് തൃശൂര്‍.
ജില്ലയിലെ 54 കൃഷിഭവനുകള്‍ മുഖേന ശരാശരി 1600 മുതല്‍ 1700 ടണ്‍ വരെ തേങ്ങയാണ് പ്രതിമാസം സംഭരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ഒരുമാസം മാത്രം ഒന്നരക്കോടി രൂപയോളം കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. കൂടുതല്‍ തെങ്ങുകളുള്ള ജില്ലകളിലെല്ലാം തേങ്ങ സംഭരണത്തില്‍ കുടിശ്ശികയുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ കേരഫെഡിനു നല്‍കാന്‍ അനുവാദം നല്‍കുകയും ചെയ്തു.
ഈ തുക ധനവകുപ്പില്‍നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കേരഫെഡിന് ഇതുവരെയും കൈമാറിയിട്ടില്ല. ഈ ഫണ്ട് കിട്ടാതെ സംഭരണ തുക കേരകര്‍ഷകര്‍ക്കു കേരഫെഡ് നല്‍കില്ലെന്നും പറയുന്നു.
കേരഫെഡിന്റെ ആസ്തി ഫണ്ടില്‍ നിന്നു സംഭരണവില എടുത്തുനല്‍കാന്‍ സര്‍ക്കാരിനു സമ്മര്‍ദ്ദം ചെലുത്താനാവുന്നില്ല. ധനകാര്യ വകുപ്പിന്റെ മെല്ലെപ്പോക്കുനയമാണ് ഇപ്പോള്‍ കുടിശ്ശിക കിട്ടാതിരിക്കാന്‍ കാരണമായിട്ടുള്ളതെന്നാണ് കേരകര്‍ഷകരുടെ പരാതി. പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 16 മുതല്‍ 18 വരെയാണ് പൊതിക്കാത്ത തേങ്ങയുടെ വില. കിലോയ്ക്ക് ഏഴു രൂപ മുതല്‍ എട്ടുരൂപവരെ നഷ്ടം സഹിച്ച് ഇപ്പോഴത്തെ രീതിയില്‍ തേങ്ങ സംഭരിക്കുന്നതില്‍ കേരഫെഡിനും വലിയ താല്‍പ്പര്യമില്ലെന്നാണ് സൂചന.
Next Story

RELATED STORIES

Share it