ദ ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം ഇനി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം

ലണ്ടന്‍: മൂന്നു പതിറ്റാണ്ടുകളായി ബ്രിട്ടനിലെ രാഷ്ട്രീയ രാഷ്ട്രീയേതര വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടുകളിലൂന്നി പ്രവര്‍ത്തിച്ചുവന്ന ദേശീയ ദിനപത്രമായ ദ ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി. ശനിയാഴ്ചയായിരുന്നു ഇന്‍ഡിപെന്‍ഡന്റിന്റെ അവസാനപ്രതി പുറത്തിറങ്ങിയത്. ഇനിമുതല്‍ പത്രത്തിന്റെ ഡിജിറ്റല്‍ രൂപം മാത്രമേ ലഭ്യമാവുകയുള്ളൂ. ഒരധ്യായം അവസാനിക്കുകയാണെങ്കിലും മറ്റൊരധ്യായം തുറക്കപ്പെടുകയാണെന്നാണ് ഡിജിറ്റലിലേക്കു മാറുന്നതുസംബന്ധിച്ച് ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. റഷ്യക്കാരനായ പത്രത്തിന്റെ ഉടമസ്ഥന്‍ എവ്‌ഗെനി ലെബഡേവ് കഴിഞ്ഞമാസം തന്നെ പത്രം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിനു കാരണം. 1986ല്‍ ബ്രിട്ടനിലെ മൂന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ് ഇന്‍ഡിപെന്‍ഡന്റിന്റെ രൂപീകരണത്തിനു പിന്നില്‍. 4,20,000 വരെ ഉണ്ടായിരുന്ന പത്രത്തിന്റെ സര്‍ക്കുലേഷന്‍ പിന്നീട് 40,000 ആയി ചുരുങ്ങി. മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് ബ്രിട്ടനിലെ രണ്ട് പ്രമുഖ ദിനപത്രങ്ങള്‍ തൊണ്ണൂറുകളില്‍ ഏറ്റെടുക്കുകയും പത്രം വിലകുറച്ച് വില്‍ക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ഇന്‍ഡിപെന്‍ഡന്റ് ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ സര്‍ക്കുലേഷന്‍ താഴാന്‍ തുടങ്ങിയത്.പരസ്യവിപണിയുടെ കാര്യത്തിലും ഫോട്ടോയ്ക്കു പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള രൂപകല്‍പനയിലും ശ്രദ്ധേയമായ പരീക്ഷണങ്ങളാണ് ഇന്‍ഡിപെന്‍ഡന്റ് നടത്തിയത്. ഇത് ഏറെ വിജയകരവുമായിരുന്നു. ഗാര്‍ഡിയന്‍ ദിനപത്രത്തെപ്പോലെ തന്നെ 2003ല്‍ യുഎസിന്റെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തതിനെതിരേ ശക്തമായ നിലപാടെടുത്ത പത്രമാണ് ഇന്‍ഡിപെന്‍ഡന്റ്. മധ്യ ഇടതു നിലപാടുതന്നെയായിരുന്നു ഇന്‍ഡിപെന്‍ഡന്റും തുടര്‍ന്നുപോന്നത്. പത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന നാലു പ്രത്യേക മാഗസിനുകളോടുകൂടിയാണ് അവസാന പ്രതി പുറത്തിറങ്ങിയത്. 1995നുശേഷം ബ്രിട്ടനില്‍ അടച്ചുപൂട്ടുന്ന ആദ്യ ദേശീയ ദിനപത്രമാണ് ഇന്‍ഡിപെന്‍ഡന്റ്. പത്രം വില്‍പന നടത്തുന്നതിലൂടെ 32 ദശലക്ഷം ഡോളര്‍ ലഭിക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
Next Story

RELATED STORIES

Share it