Gulf

ദോഹ ഡയമണ്ട് ലീഗ് നാളെ; കായിക താരങ്ങള്‍ എത്തി

ദോഹ: ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് അസോസിയേഷന്‍(ഐഎഎഫ് ) ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കായിക മേളയായ ദോഹ ഡയമണ്ട് ലീഗ് നാളെ. വിവിധ രാജ്യങ്ങളിലെ 14 വേദികളിലായി അരങ്ങേറുന്ന ഐഎഎഫ് ഡയമണ്ട് ലീഗ് സീരിസിന്റെ ആദ്യ വേദിയാണ് ദോഹ. ഒളിംപിക്സിനു മുമ്പ് താരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസരമായതിനാല്‍ ദോഹയില്‍ വാശിയേറിയ മല്‍സരമാണ് പ്രതീക്ഷിക്കുന്നത്. മിക്ക കായിക താരങ്ങളും ഇതിനകം തന്നെ ദോഹയില്‍ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ്ബേയില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം ആറിനാണ് മല്‍സരങ്ങള്‍ തുടങ്ങുക.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ എട്ടു വീതം മല്‍സരങ്ങളാണ് നടക്കുക. 200 മീ, 400 മീ, 1500 മീ, 3000 മീ. സ്റ്റീപ്പിള്‍ ചേസ്, 110 മീ. ഹര്‍ഡില്‍സ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിലാണ് പുരുഷന്‍മാരുടെ മല്‍സരം. 100മീറ്റര്‍, 800 മീറ്റര്‍, 3000 മീ., 400 മീ. ഹര്‍ഡില്‍സ്, പോള്‍വോള്‍ട്ട്, ട്രിപ്പിള്‍ ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണു വനിതകളുടെ മല്‍സരം.
പുരുഷ വിഭാഗം 200മീറ്ററില്‍ ഖത്തറിന്റെ ഫെമി ഒഗുനോഡെ മല്‍സരിക്കുന്നുണ്ട്. ഇത്തവണ ദോഹ ലീഗില്‍ ഹൈജംപ് മല്‍സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിന്റെ വിഖ്യാത ചാട്ടക്കാരന്‍ മുഅ്തസ് ബര്‍ഷിമിന് ഇത്തവണ സ്വന്തം കാണികളുടെ മുന്നില്‍ മല്‍സരിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. 400 മീറ്ററില്‍ ലോക ഇന്‍ഡോര്‍ വെള്ളിമെഡല്‍ ജേതാവായ അബ്ദലേല ഹാറൂണും ഖത്തറിന്റെ പ്രതീക്ഷയാണ്. മീറ്റിനു മുന്നോടിയായി കടുത്ത പരിശീലനത്തിലായിരുന്നു ഹാറൂണ്‍. മെഡല്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
800മീറ്ററില്‍ രണ്ടു തവണ ഏഷ്യന്‍ ചാംപ്യനായ മുസേബ് അബ്ദുല്‍റഹ്മാന്‍ ബല്ലയും ഖത്തറിനായി ഇറങ്ങുന്നുണ്ട്. പുരുഷവിഭാഗത്തില്‍ നിലവിലെ ഒളിംപിക് ട്രിപ്പിള്‍ ജംപ് ചാംപ്യന്‍ ക്രിസ്റ്റിയന്‍ ടെയ്ലര്‍, ഒളിംപിക് ജേതാവ് എരീസ് മെറിറ്റ്, എസക്കീല്‍ കെമ്പോയി, ഡിസ്‌ക്കസ് ത്രോയില്‍ ലോക ചാമ്പ്യന്‍ പിയോട്ടര്‍ മലാഷോവ്സ്‌കി എന്നിവര്‍ മല്‍സരിക്കുന്നുണ്ട്. വനിതാവിഭാഗത്തില്‍ 3000മീറ്ററില്‍ ലോക ചാംപ്യന്‍മാരായ എത്യോപ്യയുടെ അല്‍മാസ് അയനയും കെനിയയുടെ വിവിയന്‍ ചെറ്യുയോട്ടും തമ്മിലുള്ള മല്‍സരമാണ് പ്രധാന ആകര്‍ഷണം.
200മീറ്ററില്‍ നെതര്‍ലന്‍ഡിന്റെ ദഫ്‌നെ ഷിപ്പേഴ്‌സ് മല്‍സരിക്കും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടു തവണ ചാംപ്യനായ ചെക്ക് റിപബ്ലിക്കിന്റെ സുസന്ന ഹെജ്‌നോവ, ബഹറയ്‌ന്റെ കെമി അദികോയ, ട്രിപ്പിള്‍ ജംപില്‍ കസാഖിസ്ഥാന്റെ ഒളിംപിക് ചാംപ്യന്‍ ഓള്‍ഗ റിപകോവ, രണ്ടു തവണ ലോക ചാംപ്യനായ കൊളംബിയയുടെ കാറ്ററീന്‍ ഇബാര്‍ഗന്‍, വെനസ്വേലയുടെ യൂലിമര്‍ റോജാസ് എന്നിവര്‍ മല്‍സരിക്കും.
ജാവലിന്‍ ത്രോയില്‍ ജര്‍മനിയുടെ കാതറീന മോളിറ്ററും ദക്ഷിണാഫ്രിക്കയുടെ സുനെറ്റെ വില്‍ജോയനും ചൈനയുടെ ലു ഹ്യുയിഹ്യുയും തമ്മിലാണ് പ്രധാനമല്‍സരം.
Next Story

RELATED STORIES

Share it