ദൈവം ഭൂമിയിലിറങ്ങുംനേരങ്ങള്‍

പാലിയേറ്റീവ് പ്രവര്‍ത്തകനായ ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് അഹ്മദ്ക്ക സംസാരം തുടങ്ങിയത്. കാന്‍സര്‍ രോഗിക്കുള്ള വേദനസംഹാരി അദ്ദേഹം സന്ധ്യയാകും മുമ്പു വാങ്ങിച്ചുവച്ചിരുന്നു. പക്ഷേ, ചില തിരക്കുകള്‍ കാരണം രാത്രിയായിട്ടും മരുന്ന് രോഗിയുടെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. നേരം വൈകിയതിനാല്‍ അന്നത്തെ യാത്ര മാറ്റിവച്ചു. ക്ഷീണമുള്ളതുകൊണ്ട് പെട്ടെന്നു കിടന്നു. എന്തുകൊണ്ടോ പക്ഷേ, ഉറക്കം കിട്ടിയില്ല. ആ വൃദ്ധരോഗിയുടെ പാതിയടഞ്ഞ, വേദന അണകെട്ടിയ കണ്ണുകള്‍ അയാളുടെ ഹൃദയത്തില്‍ തീകോരിയിട്ടുകൊണ്ടിരുന്നു. അവസാനം കട്ടബാറ്ററിയുടെ ടോര്‍ച്ചുമെടുത്ത് അദ്ദേഹം രോഗിയുടെ വീട്ടിലേക്ക് നടന്നു. ഒരു കുന്നു കയറി വേണം പോവാന്‍. മുകളിലേക്ക് കുറച്ച് കയറിച്ചെന്നപ്പോള്‍ വഴിയില്‍ ഒരു ചിമ്മിണിവിളക്ക് കത്തുന്നു. അങ്ങകലെ ആ ചെറിയ കുടിലിന്റെ ഉമ്മറത്തും ഒരു വിളക്ക് തെളിയുന്നുണ്ട്. അദ്ദേഹം അകത്തു കയറിയപ്പോള്‍ ആ അമ്മ ഉറങ്ങാതിരിക്കുകയാണ്. 'എന്താ ഉറങ്ങാത്തത്' എന്ന ചോദ്യത്തിന് 'എനിക്കറിയാം എന്റെ മോന്‍ വരുമെന്ന്, അതുകൊണ്ടാ വിളക്കു കത്തിച്ചുവച്ചത്' എന്നായിരുന്നു മറുപടി. സ്‌നേഹത്തിന്റെ ഒരു മഹാപ്രളയമായാണ് ആ വാക്കുകള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ആ ഒരു നിമിഷത്തേക്കു വേണ്ടി മാത്രമാണ് ദൈവം തന്നെ സൃഷ്ടിച്ചത് എന്നു പോലും തോന്നിപ്പോയ സന്ദര്‍ഭം. കോഴിക്കോട് കിണാശേരി സ്വദേശിയായ അഹ്മദ് എന്ന ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ 15 വര്‍ഷമായി പാലിയേറ്റീവ് പ്രവര്‍ത്തകനായി ജീവിക്കുകയാണ്. തൊഴിലുപോലെ ജീവിതവും ഒരു അലച്ചില്‍ തന്നെയാണ് ഈ മനുഷ്യന്. 'എന്നെ ഒന്നു കൊന്നുതരുമോ'യെന്ന്, കണ്ണുകളില്‍ വേദനയൊളിപ്പിച്ചു ചോദിക്കുന്ന ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരിയെങ്കിലും നിറയ്ക്കാനുള്ള അലച്ചില്‍. എന്നെ ഒന്നു കൊന്നുതരുമോ?എട്ടു വര്‍ഷം മുമ്പ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം കിണാശേരി മേഖലയില്‍ തുടങ്ങിയ കാലം. ആ പ്രദേശത്ത് ഒരു വീട്ടില്‍ യുവാവ് തളര്‍ന്നുകിടക്കുന്നുണ്ടെന്നറിഞ്ഞ് അഹ്മദ്ക്കയും കൂടെയുള്ളവരും അന്വേഷിച്ചു പോയി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞരക്കം കേട്ടതുകൊണ്ട് ജനല്‍വഴി നോക്കി. പ്ലാസ്റ്റിക് ഷീറ്റിന്റെ നടുവില്‍ ഒരു യുവാവ് കിടക്കുന്നു. ചെവിയുടെ ഭാഗം വരെ പായയില്‍ നനവ് അരിച്ചെത്തിയിട്ടുണ്ട്. തലയിളക്കുമ്പോള്‍ ചെവിയിലേക്ക് വെള്ളം കയറിയിറങ്ങും. അഹ്മദ്ക്കയും സുഹൃത്തുക്കളും ജനല്‍ വഴി വിളിച്ചു. മിണ്ടാട്ടമില്ല, വല്ലാത്ത ഒരു ഞരക്കം മാത്രം. കുറച്ചുകഴിഞ്ഞപ്പോള്‍ യുവാവിന്റെ അമ്മ കൂലിപ്പണി കഴിഞ്ഞു വന്നു. വാതില്‍ തുറന്ന് അവര്‍ അകത്തേക്കു വിളിച്ചു. അപ്പോഴാണ് മൂത്രത്തിലായിരുന്നു ആ യുവാവ് കിടന്നിരുന്നതെന്ന് മനസ്സിലായത്. പാലിയേറ്റീവ് പ്രവര്‍ത്തകരാണ് തങ്ങളെന്ന് അഹ്മദ്ക്കയും സുഹൃത്തുക്കളും സ്വയം പരിചയപ്പെടുത്തി. നിസ്സഹായനായ ആ യുവാവ് അവരെ കുറച്ചു നേരം ഉറ്റുനോക്കി. ഒടുവില്‍ വേദനയോടെ ചോദിച്ചു, 'എന്നെ ഒന്നു കൊന്നുതരുമോ?' നടുക്കുന്ന ഒരു ചോദ്യം. 'ശരീരത്തിന്റെ അവശത കാരണം ആത്മഹത്യ ചെയ്യാന്‍ പോലും കഴിയാതെ ഇങ്ങനെ ജീവിക്കുന്നതാണ് നരകം.' വേദനയുടെ വലിയൊരു സമുദ്രം ആ കണ്ണുകളില്‍ അലയടിച്ചുയരുന്നത് അവര്‍ കണ്ടു. കല്യാണദിവസം താലികെട്ടിയതിനു ശേഷം കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടന്നതാണ്. എതിരെ നിന്നു ചീറിപ്പാഞ്ഞു വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അരയ്ക്കു താഴെ തളര്‍ന്ന് അന്നു കിടപ്പായതാണ്. ഇപ്പോള്‍ വര്‍ഷം എട്ടു കഴിഞ്ഞു.അഹ്മദ്ക്ക സുമനസ്സുകളുടെ സഹായത്താല്‍ അയാള്‍ക്ക് ഒരു വീല്‍ചെയര്‍ സംഘടിപ്പിച്ചുകൊടുത്തു. ചെറുപ്പക്കാരന്‍ അടുത്ത വീട്ടിലേക്കും റോഡിലേക്കും പോവാന്‍ തുടങ്ങി. വീണ്ടും പുലരിയെയും കാറ്റിനെയും സ്‌നേഹിക്കാന്‍ തുടങ്ങി. 'കൊന്നുതരുമോ' എന്നു ചോദിച്ച ചുണ്ടില്‍ പ്രണയഗാനങ്ങള്‍ പൂക്കാന്‍ തുടങ്ങി. പാട്ടുപാടുന്ന ആ ചുണ്ടുകള്‍ അഹ്മദ്ക്ക ആദ്യമെ കണ്ടിരുന്നു. കാണുകയായിരുന്നില്ല; 'ദര്‍ശിക്കുക'യായിരുന്നു. മനുഷ്യന്റെ അഴലിനും അശാന്തിക്കുമെല്ലാം ഒരു സാര്‍വത്രിക ഭാവമുണ്ടെന്നും അതിന്റെ ആഴങ്ങള്‍ക്കു മാത്രമെ വ്യത്യാസമുള്ളൂവെന്നു മനസ്സിലാക്കിയ 'ഒരു മനുഷ്യന്റെ' ദര്‍ശനം. 'ആശ്വാസ'ത്തിന്റെ തണലില്‍ഒരു ബുധനാഴ്ചയാണ് ഞങ്ങള്‍ അഹ്മദ്ക്കയോടൊപ്പം യാത്ര ചെയ്തത്. 'ആശ്വാസം' പാലിയേറ്റീവ് ആന്റ് സര്‍വീസ് ഹോംകെയറിന്റെ ഒമ്‌നിവാനില്‍. കിണാശേരി മേഖലയിലെ രോഗികള്‍ക്ക് കൈസഹായങ്ങളും മറ്റും വിതരണം ചെയ്യാനാണ് ഈ യാത്ര. കൂട്ടത്തില്‍ അവരുമായി കുറച്ചു സമയം. മറ്റേതു സഹായത്തേക്കാള്‍ പ്രധാനം അതാണെന്നാണ് അഹ്മദ്ക്കയുടെ അനുഭവം. ശര്‍മിളയുടെ വീട്ടിലേക്കായിരുന്നു ആദ്യ യാത്ര. ഓടിട്ട ചെറിയ ഒരു വീട്, മുറ്റത്ത് പൂന്തോട്ടം. അകത്ത് കയറിയ ഉടനെ ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്കു വന്നു. അവരാണ് ശര്‍മിളചേച്ചി. ഇരുകൈകളും നിലത്തുകുത്തി ചമ്രംപടിയിലിരുന്ന് നിരങ്ങി നിരങ്ങിയാണ് അവര്‍ വന്നത്. അരയ്ക്കുതാഴെ തളര്‍ന്നിരിക്കുകയാണ്. ശരീരം ഉണ്ടായിരിക്കുകയും എന്നാല്‍, പകുതിമാത്രം അനുഭവിക്കാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോളിയോ ബാധിക്കുകയായിരുന്നു. ആ ദുരിതങ്ങള്‍ക്കിടയിലും അവര്‍ ആര്‍ദ്രമായി പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ കരുതിയത് പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗി അവരാണെന്നാണ്. അതിനിടയില്‍ അകത്തേക്കു കയറിയ അഹ്മദ്ക്ക ഞങ്ങളെ ഉള്ളിലേക്കു വിളിച്ചു. കട്ടിലില്‍ മറ്റൊരു സ്ത്രീ കിടക്കുന്നു. അമ്മയാണ്. എല്ലിന്റെ ജോയിന്റുകളെല്ലാം ദ്രവിക്കുന്ന അപൂര്‍വരോഗം, കണ്ണും കാണില്ല. അവര്‍ അഹ്മദ്ക്കയുടെ കൈപിടിച്ചു മെല്ലെ ഒന്നു തടവി. 'മോന്‍വന്നുവല്ലെ'. പിന്നെ കുറേ നേരം രോഗവിവരങ്ങളെ കുറിച്ച് ആ സാധുസ്ത്രീ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

അഹ്മദ്ക്കയോടൊപ്പമുള്ള യാത്രയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയവര്‍ ഒരിക്കല്‍ ശലഭച്ചിറകുകളുമായ് പാറിപ്പറന്ന് ജീവിതം നുകര്‍ന്നവരാണ്. ഇന്ന് അനങ്ങാന്‍ പോലുമാവാതെ കിടക്കുന്ന അവര്‍ക്ക് അഹ്മദ്ക്ക നല്‍കുന്ന പുഞ്ചിരി അമൃതിനു തുല്യം. ശര്‍മിള മാത്രമല്ല, ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നുപോയ ഫാത്തിമ, അരയ്ക്കുതാഴെ തളര്‍ന്നു ബന്ധുക്കള്‍ ഉപേക്ഷിച്ചു പോയ മുഹമ്മദ്... അങ്ങനെ ഒരുപാടുപേരുണ്ട് അഹ്മദ്ക്കയുടെ സ്‌നേഹവാക്കുകള്‍ക്കു കാതോര്‍ക്കാന്‍, വേദന മറന്നു ചിരിക്കാന്‍, കാത്തുനില്‍ക്കാന്‍...തോമസേട്ടന്റെ തൊണ്ടയിലെ പുഴുക്കള്‍ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഹ്മദ്ക്കയുടെ വാപ്പ മരണപ്പെടുന്നത്. പിന്നീട് കോഴിക്കോട് വലിയങ്ങാടി അദ്ദേഹത്തിന്റെ വിദ്യാലയമായി. അന്നുമുതലെ രോഗികളെ സഹായിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഈ രംഗത്തെ ആദ്യ അനുഭവം അദ്ദേഹം പങ്കുവച്ചു. കല്ലായി സ്വദേശിയായ തോമസ്, കാന്‍സര്‍ രോഗിയാണ്. തടിച്ച ശരീരപ്രകൃതമായതു കൊണ്ട് കിടപ്പിലായ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ വൃദ്ധയായ ഭാര്യക്ക് കഴിഞ്ഞിരുന്നില്ല. താമസിയാതെ നിറയെ ദുര്‍ഗന്ധം വമിക്കുന്ന ഒരു മുറിയായി അതു മാറി. ആരും വരാതെയായി. അപ്പോഴാണ് അഹ്മദ്ക്കയോട് ആരോ ഈ വിവരം പറഞ്ഞത്. അദ്ദേഹം അവിടെ പോയി, സംഭവത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ അഹ്മദ്ക്ക രോഗിയെ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞു. രോഗിയുടെ തലഭാഗത്തിരിക്കുമ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത് കുഴലിട്ട തൊണ്ടയുടെ മുറിവില്‍നിന്നും ചെറിയ പുഴു ക്കള്‍ അരിച്ചുവരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അതില്‍ നിറയെ പുഴുക്കളായിരുന്നു. അഹ്മദ്ക്ക ആവുംവിധം വൃത്തിയാക്കുകയും ചില നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും ചെയ്തു. പിറ്റെ ദിവസം രാവിലെ അദ്ദേഹത്തിന് ഒരു ഫോണ്‍കോള്‍ വന്നു. തോമസേട്ടന്‍ മരിച്ചു. തോമസേട്ടനെ ശുശ്രൂഷിച്ചും ശുദ്ധീകരിച്ചും യാത്രയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തോമസേട്ടനായിരുന്നു അദ്ദേഹത്തിന്റെ ആദ്യരോഗി. ഒരു പക്ഷേ, സ്വര്‍ഗത്തിലിരുന്ന് തോമസേട്ടന്‍ പുഞ്ചിരിക്കുന്നുണ്ടാവാം ഇതെഴുതുമ്പോള്‍. നിസ്സഹായയായ ഒരു ഉമ്മഎല്ലുകള്‍ നുറുങ്ങുന്ന വേദന കടിച്ചുപിടിച്ച് കിടക്കുന്ന ഒരു ഉമ്മ. വേദനകൊണ്ട് നിലവിളിച്ചാല്‍ അടുത്തു കിടക്കുന്ന വാവ ഉണരും. അതുകൊണ്ടാണു പലപ്പോഴും ചുണ്ടുവരെ വന്ന ആ നിലവിളി അവിടെതന്നെ അമരും. കാന്‍സര്‍ രോഗിയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ആ സ്ത്രീ. രണ്ടു മക്കള്‍. അതില്‍ ഒരാള്‍ക്ക് ഒരു വയസ്സിന് താഴെ മാത്രം പ്രായം. അഹ്മദ്ക്കയും മറ്റു പാലിയേറ്റീവ് പ്രവര്‍ത്തകരും മകനെ യത്തീംഖാനയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.ആ വിവരം ഉമ്മയോട് പറഞ്ഞു. ഉടനെ അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. രോഗം കാര്‍ന്നുതിന്ന ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നത് എന്റെ മക്കളെ കാണുമ്പോഴാണ്. കിടന്നുറങ്ങുമ്പോള്‍ രണ്ടു ഭാഗത്തും അവര്‍ കിടക്കുമ്പോഴും അവരുടെ നെറ്റിയില്‍ ഉമ്മവയ്ക്കുമ്പോഴും മാത്രമാണ് എന്റെ വേദനയ്ക്ക് ഇത്തിരി ആശ്വാസം കിട്ടുന്നത്. നിങ്ങള്‍ കൊണ്ടുപോവുകയാണെന്നു പറഞ്ഞപ്പോള്‍ സഹിക്കാനായില്ല. അതാണ് കരഞ്ഞത്. സാരമില്ല, അവരുടെ ഭാവിയാണ് വലുത്- ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും കരഞ്ഞുപോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ അനുഭവം പറഞ്ഞത്.'ആശ്വാസം'പാലിയേറ്റീവ് സെന്റര്‍അഹ്മദ്ക്കയെ പോലുള്ള മനുഷ്യസ്‌നേഹികളുടെ ആത്മാര്‍ഥശ്രമത്തിന്റെ ഭാഗമായാണ് കിണാശേരിയില്‍ 'ആശ്വാസം' എന്ന പേരില്‍ പാലിയേറ്റീവ് സെന്റര്‍ നിലവില്‍ വന്നത്. സുഹാസ്, സുബൈര്‍ കിണാശേരി, ഷരീഫ് ഇ.കെ, അബ്ദുര്‍റഹീം, റഹൂഫ് തുടങ്ങിയവരാണ് ഈ ആശ്വാസത്തിന്റെ അമരക്കാര്‍. അഹ്മദ്ക്കയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍ ഈ ട്രസ്റ്റ് കേന്ദ്രീകരിച്ചാണ്. കിടപ്പായ രോഗികളുടെ ഒരു പിക്‌നിക് ടൂര്‍ 'ആശ്വാസം' പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. പിന്നെ സ്വയം തൊഴില്‍ പരിശീലന ക്യാംപ് അങ്ങനെ പലതും 'ആശ്വസം' ട്രസ്റ്റ് നടത്തുന്നുണ്ട്. രോഗികളുടെ വീടിന്റെ അടുത്തേക്ക് ഓട്ടം കിട്ടുകയാണെങ്കില്‍ അഹ്മദ്ക്കയ്ക്കു വല്ലാത്ത സന്തോഷമാണ്. 15 കൊല്ലം മുമ്പുള്ള ആ സന്തോഷത്തിന് ഒരു നുള്ളുപോലും കുറവില്ല. നഴ്‌സ് ഉമൈബയും പാലിയേറ്റീവ് രോഗികളുടെ പ്രിയപ്പെട്ടവള്‍ തന്നെ. നഴ്‌സ് ലീവായാല്‍ അഹ്മദ്ക്ക വ്യാകുലപ്പെടാറില്ല. കാരണം അദ്ദേഹത്തിന്റെ ഭാര്യ റുഖിയ എത്തും ഭര്‍ത്താവിന്റെ സേവനത്തില്‍ പങ്കാളിയാവാന്‍ ഒരു നഴ്‌സിനെപ്പോലെ. മക്കളായ റൂബിയാ അഹ്മദും ജഹദത്ത് അഹ്മദും വാപ്പയെ സഹായിക്കാന്‍ പോവാറുണ്ട്.ഒരു കാക്ക ചത്തുവീണാല്‍ ചുറ്റും കൂടാനും കരയാനും ഒരുപാടു കാക്കകള്‍ കാണും. എന്നാല്‍, ഒരു മനുഷ്യന്‍ വീണുപോയാല്‍പിന്നെ അവനെ ആരും തിരിഞ്ഞുനോക്കില്ല. ചില കേസില്‍ സ്വന്തം മക്കള്‍ പോലും തിരിഞ്ഞു നോക്കണമെന്നില്ല. പിരിയാന്‍ നേരത്ത് അഹ്മദ്ക്ക പറഞ്ഞ ഈ വാക്കുകള്‍ മനസ്സിന്റെ പതിഞ്ഞു. ഞങ്ങള്‍ യാത്രപറഞ്ഞു, പരസ്പരം കൈകൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് ഒരു ഫോണ്‍കോള്‍ വന്നു. ഒരു രോഗിയുടെ വീട്ടില്‍ നിന്നാണ്. കത്തീറ്റര്‍ ഇടാന്‍ ഉടനെ എത്തണമെന്ന സന്ദേശമാണ്. അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. ശേഷം ഹോംകെയര്‍ വാനില്‍ കയറി... പുഞ്ചിരി തൂകിക്കൊണ്ടു തന്നെ പറഞ്ഞു 'കാണാം.' ി

Next Story

RELATED STORIES

Share it