ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി പിഴചുമത്തി

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ യമുനാ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി പിഴചുമത്തി. കേന്ദ്രസര്‍ക്കാരിനെയും പരിപാടിക്ക് ആദ്യം അനുമതി കൊടുത്ത ഡല്‍ഹി വികസന അതോറിറ്റിയെ(ഡിഡിഎ)യും നിശിതമായി വിമര്‍ശിച്ച സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ ഡിഡിഎയോട് അഞ്ചുലക്ഷം രൂപ പിഴയടയ്ക്കാനും നിര്‍ദേശിച്ചു. പരിപാടി നടത്താന്‍ ഉപാധികളോടെ അനുമതി നല്‍കി.
യാതൊരു പരിശോധനയും നടത്താതെയാണ് ഡിഡിഎ പരിപാടിക്ക് അനുമതിനല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ക്കു പിഴചുമത്തിയത്. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നു കുറ്റപ്പെടുത്തി ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരുലക്ഷം രൂപയും പിഴയിട്ടു. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുള്ള പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണല്‍.
ഇന്നലെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്ര ജലവിഭവ, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നയത്തെ നിശിതമായാണ് ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്. പരിപാടിക്കു വേണ്ടി താല്‍ക്കാലികമായുണ്ടാക്കുന്ന സൗകര്യങ്ങള്‍ ആയതിനാലാണു സംഘാടകര്‍ അനുമതി വാങ്ങാതിരുന്നതെന്ന മന്ത്രാലയങ്ങളുടെ നിലപാടിനെ ട്രൈബ്യൂണല്‍ ചോദ്യംചെയ്തു. നദീതീരത്തു നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമാണെന്നാണോ നിങ്ങള്‍ കരുതുന്നതെന്നു ചോദിച്ച ട്രൈബ്യൂണല്‍ തങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്നു സര്‍ക്കാരിനു മുന്നറിയിപ്പുനല്‍കി. പരിപാടിക്ക് എന്തുകൊണ്ടാണു പാരിസ്ഥിതികാനുമതി ആവശ്യപ്പെടാത്തതെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.
കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറില്‍ യമുനാ നദീതീരത്ത് നാളെയാണു മൂന്ന് ദിവസത്തെ പരിപാടി തുടങ്ങുന്നത്. ഏഴ് ഏക്കര്‍ വിസ്തൃതിയിലുള്ള കൂറ്റന്‍ വേദിയാണ് പരിപാടിയുടെ പ്രത്യേകത. 1,200 അടി നീളവും 200 അടി വീതിയും 40 അടി ഉയരവുമുള്ള കൂറ്റന്‍ സ്‌റ്റേജാണ് നദീതീരത്ത് ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it