ദേശീയ സ്‌കൂള്‍ കായിക മേള; ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് 1,70,30,000 രൂപ

കൊച്ചി: ദേശീയ സ്‌കൂള്‍ കായിക മേളയിലെ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുകയായി നല്‍കാനുള്ളത് 1,70,30,000 രൂപ. കായികമേളയിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25000 രൂപയും വെള്ളി മെഡല്‍ നേതാക്കള്‍ക്ക് 20000 രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 15000 രൂപയും എന്നീ ക്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക നല്‍കുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെയും നല്‍കിയിട്ടില്ല.
2012-2013 വര്‍ഷത്തില്‍ 297 പേര്‍ക്കും 2013-2014 വര്‍ഷത്തില്‍ 284 പേര്‍ക്കും 2014-2015 വര്‍ഷത്തില്‍ 302 ജേതാക്കള്‍ക്കുമാണ് സമ്മാനത്തുക വിതരണം ചെയ്യാനുള്ളത്. ഇതുകൂടാതെ ഓരോവര്‍ഷവും കായികതാരങ്ങളെ പരിശീലിപ്പിക്കുന്നവര്‍ക്കുള്ള പ്രതിഫല തുകയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ഓരോവര്‍ഷവും 30 പേര്‍ വീതം മൂന്ന് വര്‍ഷത്തേക്ക് 90 പരിശീലകര്‍ക്കാണ് തുക നല്‍കാനുള്ളത്. ഈ ഇനത്തില്‍ 4,50,000 രൂപയാണ് കുടിശ്ശികയുള്ളത്. പരിശീലകര്‍ക്കും കായികമേളയിലെ വിജയികള്‍ക്കുമായി ഏകദേശം 1,75,00,000 രൂപയാണ് നല്‍കുവാനുള്ളത്. ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് സമ്മാനത്തുക വിതരണം ചെയ്യാനാവാത്തതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നു ലഭ്യമായ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
സമ്മാനത്തുക നല്‍കുന്നതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം സമ്മാനത്തുക നല്‍കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ മന്ത്രിസഭാ കാലാവധി അവസാനിക്കാറായിരിക്കെ ഇനി ഏത് ഇനത്തില്‍ ഫണ്ട് ലഭ്യമാവുമെന്നതിനെ കുറിച്ച് മെഡല്‍ ജേതാക്കള്‍ക്കും പരിശീലകര്‍ക്കും വ്യക്തതയില്ല. ദേശീയ തലത്തില്‍ മികവ് പുലര്‍ത്തുന്ന കായികതാരങ്ങളുള്ള കേരളത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനം വെറും വാക്കുകളില്‍ ഒതുങ്ങുകയാണ്.
Next Story

RELATED STORIES

Share it