ദേശീയ സ്‌കൂള്‍ കായികമേള: പ്രതിസന്ധി പരിഹരിക്കാന്‍ സചിന്‍ ഇടപെടുന്നു

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള നടത്തിപ്പിലെ പ്രതിസന്ധിയില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും ഇടപെടുന്നു. കായികമേള സമയത്തു തന്നെ നടക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയവുമായി അഞ്ജു ചര്‍ച്ച നടത്തി. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും മേള നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി അഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.
ദേശീയ സ്‌കൂള്‍ കായികമേള നടത്തുന്നതില്‍ നിന്ന് കേരളം പിന്മാറിയതോടെ ഈവര്‍ഷം മേള നടക്കില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുന്ന സാഹചര്യത്തില്‍ ദേശീയ സ്‌കൂള്‍ കായികമേള ഏറ്റെടുക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ നിന്ന് കേരളം പിന്നോട്ടുപോയതും മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ വിസമ്മതിച്ചതും കാരണമാണ് മീറ്റ് ഉപേക്ഷിക്കുമെന്ന ആശങ്കയുയര്‍ന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി എം ബി രാജേഷ് എംപി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ജു ബോബി ജോര്‍ജിന്റെ ഇടപെടല്‍.
കേന്ദ്ര കായികമന്ത്രാലയവുമായി അഞ്ജു ഫോണില്‍ സംസാരിച്ചു. മേള നടത്തുമെന്ന ഉറപ്പ് മന്ത്രാലയം നല്‍കിയതായി അഞ്ജു പറയുന്നു. മേള നടത്തിപ്പിന് സചിന്‍ ടെണ്ടുല്‍ക്കര്‍ പിന്തുണ അറിയിച്ചതായും അഞ്ജു പറഞ്ഞു. കൗമാര താരങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ ഗൗരവമായി കാണുന്നുവെന്നു പറഞ്ഞ സചിന്‍ കായികമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പും നല്‍കി.
കുട്ടികള്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നത് ഒരു അത്‌ലറ്റെന്ന നിലയില്‍ നോക്കിനില്‍ക്കാനാവില്ല. യൂത്ത് ഒളിംപിക്‌സിനുള്ള യോഗ്യതാ മല്‍സരങ്ങള്‍ കൂടിയായ മേള നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയിലെ എല്ലാ അത്‌ലറ്റുകളും കൂടെനില്‍ക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മേള നടത്തില്ലെന്നും അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. കേരളത്തിലെ എംപിമാര്‍ വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. മീറ്റിന്റെ വേദിയും തിയ്യതിയും സംബന്ധിച്ച് അടുത്ത 48 മണിക്കൂറിനകം തീരുമാനം ഉണ്ടായേക്കും. മീറ്റ് കേരളത്തിനു പുറത്തു നടക്കാനുള്ള സാധ്യതയുമുണ്ട്. ഫെബ്രുവരിയിലാണ് കായികമേള നടക്കേണ്ടതെന്ന പ്രചാരണം തെറ്റാണെന്നും മീറ്റ് അടുത്തമാസം സംഘടിപ്പിക്കാനാണ് എസ്ജിഎഫ്‌ഐ തീരുമാനിച്ചിരുന്നതെന്നും ഒളിംപ്യന്‍ പി ടി ഉഷ മുഖ്യമന്ത്രിയെ അറിയിച്ചു.
മീറ്റ് കേരളത്തില്‍ തന്നെ നടത്താനുള്ള സാധ്യത പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. അതേസമയം, വേദി ഏറ്റെടുക്കാമോയെന്നു ചോദിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ കത്തയച്ചിട്ടുണ്ടെങ്കിലും ആരും അനുകൂല മറുപടി നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it