ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കോഴിക്കോട്ട്

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കോഴിക്കോട്ടു തന്നെ നടത്താന്‍ ധാരണയായതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഉടനെ ലഭിക്കും. മീറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിനുമായി ഇന്നു തിരുവനന്തപുരത്തു യോഗം ചേരും. സ്‌പോര്‍ട്‌സ് പ്രേമികളുടെ നാടായ കോഴിക്കോട്ട് നടക്കുന്ന മേള വന്‍ വിജയമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മീറ്റ് നടത്തുന്നതിനുള്ള സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പ്രയത്‌നത്തിലൂടെ മേള വന്‍ വിജയമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവസാന നിമിഷം മഹാരാഷ്ട്ര മീറ്റ് നടത്താന്‍ വിസമ്മതിക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കൈയൊഴിയുകയും ചെയ്തപ്പോള്‍ അത് ഏറ്റെടുത്തു നടത്താന്‍ മുന്നോട്ടുവന്ന കേരളത്തിന്റെ നടപടി അഭിമാനകരമാണെന്ന് യോഗത്തില്‍ സംസാരിച്ച പി ടി ഉഷ പറഞ്ഞു.
ദേശീയ ഗെയിംസ് സ്തുത്യര്‍ഹമായ രീതിയില്‍ നടത്തിയ നമുക്ക് ദേശീയ സ്‌കൂള്‍ മീറ്റ് ഒരു പ്രശ്‌നമേയല്ല. കോഴിക്കോട്ട് നടക്കുന്ന മേളയില്‍ സംസ്ഥാനത്തിനു മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, സബ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി എ വല്‍സന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it