ദേശീയ സമ്പാദ്യ പദ്ധതി; നിര്‍ബന്ധിത നിക്ഷേപത്തിനെതിരേ അധ്യാപക സംഘടനകള്‍

പൊന്നാനി: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സമ്പാദ്യ പദ്ധതിക്ക് നിര്‍ബന്ധിത നിക്ഷേപ സമാഹരണം നടത്തുന്നതായി വ്യാപക പരാതി. ഓരോ ജില്ലയില്‍ നിന്നും തുക നിശ്ചയിച്ച് ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിരിച്ചെടുക്കുന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നിര്‍ബന്ധമായും തുക നല്‍കണമെന്ന് കാണിച്ച് ഇന്നലെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
മലപ്പുറം ജില്ലയില്‍ നിന്ന് 70 കോടി രൂപ ദേശീയ സമ്പാദ്യ പദ്ധതിയില്‍ അടക്കാനാണ് ടാര്‍ഗറ്റ് വച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് കോടി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നല്‍കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. മറ്റു വിഭാഗം ജീവനക്കാരും നിശ്ചിത തുക നിക്ഷേപ സമാഹരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ പണമടച്ചില്ലെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ദേശിയ സമ്പാദ്യ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്ക് ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അധ്യാപകരെ നിര്‍ബന്ധിച്ച് ചേര്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വിവിധ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കല്‍ നയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രക്ഷോഭം നടത്തുമെന്നും കെഎസ്ടിഎ, കെഎച്ച്എസ്ടിയു, എഎച്ച്എസ്ടിഎ തുടങ്ങിയ അധ്യാപക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it