Idukki local

ദേശീയ സമ്പാദ്യപദ്ധതി പണം തട്ടിപ്പ്: തപാല്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: തപാല്‍ വകുപ്പിന്റെ ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിച്ചവരുടെ തുകയില്‍ നിന്നു കൃത്രിമക്കണക്കിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കോടിക്കുളം സബ് പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ് മിസ്ട്രസിനു സസ്‌പെന്‍ഷന്‍.
തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫിസിലെ പോസ്റ്റല്‍ ക്ലാര്‍ക്ക് പി എസ് സുഷൈനയെയാണു അന്വേഷണ വിധേയമായി ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് കെ ഗുണശേഖരന്‍ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണം പോലിസിനു കൈമാറാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള രേഖകള്‍ പരിശോധിച്ചതില്‍ എട്ടുലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും അന്വേഷണം നടന്നു വരികയാണെന്നും സൂപ്രണ്ട് അറിയിച്ചു.
കോടിക്കുളം സബ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണു സുഷൈന ക്രമക്കേടു നടത്തിയതെന്നാണു പോസ്റ്റ് മാസ്റ്റല്‍ ജനറലിനു( സെന്‍ട്രല്‍ റീജിയന്‍) നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ സമ്പാദ്യ പദ്ധതിയായ റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീമില്‍ തുക നിക്ഷേപിച്ചവരുടെ പാസ് ബുക്കില്‍ തിരിമറി നടത്തിയാണു തുക തട്ടിയെടുത്തത്. അഞ്ചു വര്‍ഷത്തേക്കാണു പദ്ധതിയില്‍ തുക നിക്ഷേപിക്കേണ്ടത്.
പദ്ധതി പ്രകാരം തുക നിക്ഷേപിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ അക്കൗണ്ട്, തപാല്‍ വകുപ്പ് പദ്ധതിയില്‍ നിന്നു നീക്കം ചെയ്യുകയാണു പതിവ്. ഇത്തരത്തില്‍ നീക്കം ചെയ്ത അക്കൗണ്ടുകളില്‍, കൂടുതല്‍ തുക നിക്ഷപിച്ചതായി എഴുതി ചേര്‍ത്താണു അക്കൗണ്ടില്‍ നിന്നു സുഷൈന വന്‍തുക തട്ടിയെടുത്തതെന്നു തപാല്‍ വകുപ്പ് കണ്ടെത്തിയിരുന്നു. ഇന്‍സ്‌പെക്ട ര്‍ ഓഫ് പോസ്റ്റ്‌സ്, ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് എന്നിവര്‍ ഇതേക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2002 മുതലുള്ള പാസ് ബുക്കില്‍ ക്രൃത്രിമം കാട്ടിയതായും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. മഹിളാ പ്രധാന്‍ ഏജന്റുമാര്‍ വഴിയാണു നിക്ഷേപകരില്‍ പലരും പദ്ധതി പ്രകാരം തുക ഒടുക്കുന്നത്. ഏജന്റുമാരില്‍ നിന്നും പാസ് ബുക്കുകള്‍ വാങ്ങിയാണ് ക്രമക്കേടു നടത്തിയത്.
Next Story

RELATED STORIES

Share it