palakkad local

ദേശീയ-സംസ്ഥാന പാതകളില്‍ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലും പാലക്കാട്-ഗുരുവായൂര്‍ സംസ്ഥാനപാതയിലും പാലക്കാട്-തൃശൂര്‍ പാതയിലും സ്വകാര്യബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. നാലു മണിക്കൂറുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കേണ്ട റൂട്ടില്‍ പകല്‍ അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയെടുത്താണ് മിക്ക ബസുകളും ട്രിപ്പ് പൂര്‍ത്തികരിക്കുന്നത്.
ഇതുകാരണം റൂട്ടില്‍ മുഴുവന്‍ ട്രിപ്പുകളും പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ബസ്സുകള്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണെന്ന് പരാതി ശക്തമായിട്ടുണ്ട്. ഇടുങ്ങിയ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, വാണിയംകുളം ടൗണുകളില്‍ മണിക്കൂറുകളോളം പോലിസും ഹോംഗാര്‍ഡും നില്‍ക്കുമ്പോള്‍ തന്നെ ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്. ഈ ടൗണുകളിലെ അശാസ്ത്രീയ പാര്‍ക്കിങും കൈയേറ്റങ്ങളും തെരുവ് കച്ചവടങ്ങളും കൂടിയാകുന്നതോടെ പാതകളിലെ ബസ് യാത്ര നരകതുല്യമാകുകയാണ്. വിവിധാവശ്യങ്ങള്‍ക്ക് ഇറങ്ങുന്ന യാത്രക്കാര്‍ മണിക്കൂറുകള്‍ മുന്‍പ് യാത്ര തിരിച്ചാലേ ലക്ഷ്യസ്ഥാനത്തെത്തൂ എന്ന അവസ്ഥായാണിപ്പോള്‍.
പാലക്കാട്-ഗുരുവായൂര്‍, പാലക്കാട്-തൃശൂര്‍ ബസ്സുകള്‍ മിക്കതും, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതും തുടരുകയാണ്. അതേസമയം സമയക്രമം പാലിക്കാന്‍ സ്വകാര്യബസ്സുകളുടെയും കെഎസ്ആര്‍ടിസി ബസ്സുകളുടേയും മരണപ്പാച്ചിലിനും ഈ പാതകള്‍ സാക്ഷ്യം വഹിക്കുന്നു. പാതയില്‍ സമയക്രമം പാലിക്കാന്‍ സ്വകാര്യബസ്സുകള്‍ നടത്തുന്ന മരണപ്പാച്ചിലില്‍ അപകടങ്ങളും വാക്ക് തര്‍ക്കങ്ങളും അടിപിടിയും നിത്യസംഭവമായി മാറിയിട്ടുണ്ട്. മുഴുവന്‍ ദൂരത്തിനും ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ സമയം തെറ്റിയെന്ന് പറഞ്ഞ് ട്രിപ്പ് അവസാനിപ്പിച്ച് പാതി വഴിയില്‍ ഇറക്കി വിടുന്നതും വാക്കേറ്റമുണ്ടാകുന്നതും പതിവായിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരോട് പരാതിപ്പെട്ടാലും കാര്യമായ നടപടിയുണ്ടാകുന്നുമില്ല.
സ്വകാര്യ ബസ്സുകളുടെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമല്ല പാലക്കാട് നിന്നും പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകളുടെ കാര്യവും. പല പ്രധാന റൂട്ടുകളിലേക്കുമുള്ള ബസ്സുകള്‍ പാലക്കാട് ഡിപ്പോയില്‍ നിര്‍ത്തിയിട്ട് സ്വകാര്യ ബസ്സുകാരില്‍ നിന്ന് കിമ്പളം വാങ്ങി ജോലി ചെയ്യാതിരിക്കുന്ന പ്രവണതയും ഏറിയതായി യാത്രക്കാര്‍ ആരോപിക്കുന്നു. നിന്നു തിരിയാനിടമില്ലാതെ നരകിക്കുന്ന പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രികാലങ്ങളില്‍ ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.
ഇതിനാകട്ടെ കൃത്യമായ വിവരങ്ങള്‍ അന്വേഷണ കൗണ്ടറില്‍ നിന്ന് വിളിച്ചുപറയുകയോ കൃത്യമായ ഏരിയയില്‍ നിന്ന് ബസ് യാത്ര പുറപ്പെടുകയോ ചെയ്യുന്നില്ല. കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെത്തുന്ന യാത്രക്കാരെ ചൂഷണം ചെയ്യാന്‍ ഡിപ്പോയില്‍ അനധികൃത കൗണ്ടറുകളും സ്ഥാപിച്ചതായാണ് ഒരു വിഭാഗം ജീവനക്കാര്‍ തന്നെ നല്‍കുന്ന വിവരം.
ജനപ്രതിനിധികളും വിവിധ സംഘടനകളും മൗനമവലംബിക്കുമ്പോ ള്‍ പ്രതിഷേധിക്കുന്ന യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന രീതിയും ഡിപ്പോ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതായും വ്യാപകമായ പരാതിയുയരുന്നു.
Next Story

RELATED STORIES

Share it