ദേശീയ വനിതാ പ്രസ്ഥാനം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് രൂപംകൊണ്ടു; സാമൂഹിക മാറ്റത്തിനു പ്രതിജ്ഞാബദ്ധം

ബംഗളൂരു: രാജ്യത്തെ വനിതകളുടെ ശാക്തീകരണ പ്രക്രിയക്ക് പുത്തനുണര്‍വു പകരുമെന്ന സന്ദേശവുമായി ദേശീയ വനിതാ പ്രസ്ഥാനം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്തു.
വനിതകളില്‍ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ അവബോധം പകരുക, സാമൂഹിക മാറ്റത്തിലേക്കു നയിക്കുക, വിവേചനം ഇല്ലാതാക്കുക, തുല്യ പ്രാതിനിധ്യം നേടിയെടുക്കുക, സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ജീവിത രംഗങ്ങളിലെല്ലാം വനിതകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തുന്നതിനാണ് സംഘടന ലക്ഷ്യമാക്കുന്നത്.
സമൂഹത്തിന്റെ വികസനത്തിന് വനിതകളുടെ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിന്‍ ഫാറൂഖ് പറഞ്ഞു. സമൂഹത്തിന്റെ വികസന രംഗങ്ങളിലും സ്വന്തം അവകാശങ്ങളും മാന്യതയും നേടിയെടുക്കുന്നതിനുള്ള രാഷ്ട്രീയ അവബോധത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിലും വനിതകളും പങ്കാളികളാവേണ്ടതുണ്ട്. പീഡനം, ഗാര്‍ഹിക- ലൈംഗിക ആക്രമണങ്ങള്‍ തുടങ്ങി സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെയും ഗുരുതരമായ പ്രശ്‌നങ്ങളെയും നേരിടാനും തടയുന്നതിനും സഹോദരിമാരെ തയ്യാറാക്കുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യാസ്മീന്‍ ഫാറൂഖി പറഞ്ഞു.
രാജ്യത്തെ സാമൂഹിക മാറ്റത്തിലേക്കു നയിക്കുന്നതിന് ഉപകരിക്കുംവിധം ശക്തമായ വേദിയുമായി വനിതകള്‍ മുന്നോട്ടുവന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് അഭിപ്രായപ്പെട്ടു. വനിതകള്‍ മുന്നോട്ടു വന്ന് തങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും സമൂഹത്തില്‍ വിപ്ലവകരവും അടിസ്ഥാനപരവുമായ മാറ്റം നേടിയെടുക്കുന്നതിനായി സ്വയം ശാക്തീകരണം നേടുകയും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതകള്‍ സംബന്ധിക്കുന്ന സദസ്സ് ഇന്ത്യയുടെ കൊച്ചു പ്രതീകമാണെന്ന് എസ്ഡിപിഐ സ്ഥാപക ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ വിശേഷിപ്പിച്ചു. സ്വന്തം ശാക്തീകരണത്തെക്കുറിച്ചു ചിന്തിക്കുന്നതില്‍ അവര്‍ എത്രമാത്രം അര്‍പ്പണബോധം പുലര്‍ത്തുന്നുവെന്ന് ഇതു വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
നമ്മുടെ ജനാധിപത്യത്തിലെ വിള്ളലുകളിലൂടെ അധികാരത്തിലേറിയ ഫാഷിസ്റ്റ് ശക്തികള്‍ വെറുപ്പിന്റെയും വര്‍ഗീയ ഭീകരതയുടെയും അജണ്ടയനുസരിച്ച് ജനങ്ങളെ അടിമപ്പെടുത്തുന്നതിനും ചൂഷണം ചെയ്യുന്നതിനും ശ്രമം നടത്തുന്നത് നാം കാണുന്നു.
ഈ സാഹചര്യത്തില്‍ നിന്ന് പ്രിയപ്പെട്ട നാടിനെ വിമുക്തമാക്കുന്നതിനുള്ള നമ്മുടെ ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നിര്‍ണായക പങ്കു നിര്‍വഹിക്കുമെന്നു വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, പ്രഫ. നസ്‌നീന്‍ ബീഗം, അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബൈ, അഫ്‌സര്‍ പാഷ, മുഹമ്മദ് ഷാഫി, എം കെ ഫൈസി, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ഫൈസി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യാസ്മിന്‍ ഫാറൂഖി (ജയ്പൂര്‍) പ്രസിഡന്റ്, സൂഫിയ പര്‍വീണ്‍ (പശ്ചിമബംഗാള്‍) വൈസ് പ്രസിഡന്റ്, ഷാഹിദ തസ്‌ലീം (മംഗലാപുരം) ജനറല്‍ സെക്രട്ടറി, സിതാര ബീഗം (കോട്ട, രാജസ്ഥാന്‍), അഡ്വ. സൈരാ ബാനു (തമിഴ്‌നാട്), ഡെയ്‌സി സുബ്രഹ്മണ്യം (കോഴിക്കോട്, കേരള) സെക്രട്ടറിമാര്‍, തരാന ഷറഫുദ്ദീന്‍ (കാണ്‍പൂര്‍ യുപി) ഖജാഞ്ചി എന്നിവരാണു ഭാരവാഹികള്‍. മൂന്നു വര്‍ഷമാണ് കേന്ദ്രസമിതിയുടെ കാലാവധി.
Next Story

RELATED STORIES

Share it