ദേശീയ വനിതാ കമ്മീഷന്‍ പിണറായിയില്‍; പരാതിയുമായി സിപിഎമ്മും

തലശ്ശേരി: തിരഞ്ഞെടുപ്പിനു ശേഷം അക്രമങ്ങള്‍ അരങ്ങേറിയ ധര്‍മടം മണ്ഡലത്തിലെ പിണറായിയും പരിസര പ്രദേശവും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയാണ് കമ്മീഷന്‍ അധ്യക്ഷ അക്രമപ്രദേശങ്ങളിലെത്തിയത്. പിണറായിയില്‍ നടന്ന സിറ്റിങ്ങില്‍ പരിക്കേറ്റവരില്‍ നിന്ന് കമ്മീഷന്‍ പരാതികള്‍ സ്വീകരിച്ചു. ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഎം കുടുംബവും പരാതിയുമായെത്തിയത് കമ്മീഷനെ വെട്ടിലാക്കി.
പിണറായി പുത്തന്‍കണ്ടത്തിനു സമീപം എല്‍ഡിഎഫ് വിജയാഹ്ലാദ ജാഥയില്‍ പങ്കെടുക്കവെ ആര്‍എസ്എസ് ബോംബേറില്‍ റോഡില്‍ വീഴുകയും വാഹനം കയറി മരണപ്പെടുകയും ചെയ്ത ചേരിക്കലിലെ പി വി രവീന്ദ്രന്റെ ഭാര്യ ഗീത, കാപ്പുമ്മലില്‍ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയ അഷറഫിന്റെ ഭാര്യ, കഴിഞ്ഞ ദിവസം തലശ്ശേരി കുട്ടി മാക്കൂലില്‍ വച്ച് അക്രമിക്കപ്പെട്ട ദലിത് കോണ്‍ഗ്രസ് നേതാവ് രാജന്‍െ ഭാര്യ തുടങ്ങിയവരും വനിതാ കമ്മീഷന് പരാതി നല്‍കി. ഇതോടെ കമ്മീഷനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനുള്ള ആര്‍എസ്എസ് തന്ത്രത്തിനു തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന അക്രമം മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്ന് ലളിത കുമാരമംഗലം ആരോപിച്ചു. സിറ്റിങ്ങിനു ശേഷം തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പിണറായിയില്‍ മൂന്നു സ്ത്രീകളെ അക്രമിച്ചതും ഇരിട്ടിയില്‍ ഏഴു വയസ്സുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതും ഇതാണു വ്യക്തമാക്കുന്നത്.ബാര്‍ബര്‍ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട മുടിയും മണ്ണെണയും വീട്ടുകിണറ്റില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കുന്നത് വിദ്യാസമ്പന്നര്‍ക്കു യോജിച്ചതാണോയെന്ന് ആലോചിക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കേസിന്റെ തുടര്‍ നടപടികളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും. പരാതി പരിശോധിച്ച ശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം വ്യക്തമാക്കി.—
Next Story

RELATED STORIES

Share it