thrissur local

ദേശീയ പാതയോരത്ത് അപകട ഭീഷണി മറയാക്കി മരങ്ങള്‍ മുറിച്ചു മാറ്റുന്നു

ചാവക്കാട്: ദേശീയ പാതയോരത്ത് അപകട ഭീഷണി മറയാക്കി മരങ്ങള്‍ മുറിച്ചു മാറ്റുന്നു. വിരിച്ച് നിന്നിരുന്ന വന്മരങ്ങള്‍ വെട്ടി വീഴ്ത്തിയതും തടികളും മരക്കൊമ്പുകളും മാറ്റിയിടാത്തതും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. പൊരിവെയിലില്‍ ചൂട് താങ്ങാനാവാതെ നില്‍ക്കുന്ന നാട്ടുകാര്‍ക്കൊപ്പം റോഡരികില്‍ കരിഞ്ഞുണങ്ങുകയാണ് വെട്ടിവീഴ്ത്തിയ മരത്തടികള്‍.
ദേശീയ പാതയോരത്ത് എടക്കഴിയൂര്‍ കാജാ കമ്പനി സെന്റര്‍, എടക്കഴിയൂര്‍ പോസ്റ്റ്, തിരുവത്ര കുമാര്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൂമരങ്ങളടക്കമുള്ള വന്മരങ്ങളാണ് അപകട ഭീഷണി ചൂണ്ടിക്കാണിച്ച് വെട്ടി മുറിച്ചിട്ടത്. കഴിഞ്ഞ മഴക്കാലത്ത് സംസ്ഥാനത്ത് സ്‌കൂള്‍ വാനിനു മേല്‍ മരം വീണു വിദ്യാര്‍ഥിനി  മരിക്കാനിടയായ സംഭവം മറയാക്കിയാണ് പാതയോരങ്ങളിലെ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചത്. അപകടാവസ്ഥയിലായ മരങ്ങളുടെ പട്ടിക തയ്യാറാക്കി താലൂക്ക് ഓഫീസിലെ അധികൃതരുടെ സമ്മതത്തോടെയാണ് കരാറുകാരെ വെച്ച് വെട്ടിയിട്ടത്. മേഖലയിലെ ചില മരങ്ങള്‍ അപ്പോള്‍  തന്നെ ലേലം ചെയ്ത് മരകമ്പനിക്കാര്‍ നേരിട്ട് മുറിച്ചു കൊണ്ടപോയെങ്കിലും കാജാ കമ്പനി സെന്ററിലുള്‍പ്പടെയുള്ള ഭാഗങ്ങളിലെ തടകിള്‍ വെട്ടിയിട്ട സ്ഥലത്തു തന്നെ കൂടിക്കിടക്കുകയാണ്. ദേശീയ പാതയില്‍ ചാവക്കാട് നഗരം കഴിഞ്ഞാല്‍ കെഎസ് ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുന്നത് എടക്കഴിയൂര്‍ കാജാകമ്പനിയും പിന്നെ പാലപ്പെട്ടിയുമാണ്. ദീര്‍ഘ ദൂര ബസിനുള്‍പ്പടെ നാട്ടുകാര്‍ കാത്തു നില്‍ക്കുന്ന ഭാഗത്താണ് വലിയ മരം വെട്ടിയിട്ടിരിക്കുന്നത്. ഇത് കാരണം ബസ് കാത്തു നില്‍ക്കുന്നവര്‍ റോഡിലേക്ക് കയറി നല്‍ക്കേണ്ട അവസ്ഥയാണ്. യാത്രക്കാരെ കയറ്റാനെത്തുന്ന വാഹനങ്ങള്‍ക്കും റോഡില്‍ നിന്ന് അരികിലേക്ക് ഇറക്കി നിര്‍ത്താനും കഴിയില്ല. മരങ്ങള്‍ വെട്ടിയിട്ട സ്ഥലത്തെ കച്ചവടക്കാര്‍ക്കും ഇത് ദുരിതമായിരിക്കുകയാണ്. പൊതുവേ റോഡപകടങ്ങള്‍ വര്‍ദ്ധിച്ച ദേശീയ പാതയിലാണ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്.
വലിയ മരത്തടികള്‍ രാത്രിയുടെ ഇരുട്ടിലും മങ്ങിയ വെളിച്ചത്തിലും അകലെ നിന്ന് കാണാനാവില്ല. അമിത വേഗത്തില്‍ മറ്റു വാഹനങ്ങളെ മറിക്കടക്കാനും എതിരെ വരുന്ന വാഹനങ്ങള്‍ക്കായി ഒഴിഞ്ഞുകൊടുക്കാനും ശ്രമിച്ചാല്‍ റോഡരികില്‍  കൂട്ടിയിട്ട ഈ മരത്തടികളില്‍ കയറിയുള്ള അപകടങ്ങള്‍ക്ക് സാധ്യതയേറേയാണ്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള രേഖകള്‍ അനുകൂലമായി വന്നാല്‍ മാത്രമേ തടികള്‍ ലേലം ചെയ്ത് കൊണ്ടുപോകാനാകൂവെന്നാണ് നേരത്തെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it