Kerala

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍, അവധി അടിയന്തിര സാഹചര്യക്കാര്‍ക്ക് മാത്രം

തിരുവനന്തപുരം : ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണമെന്നാണ് നിര്‍ദേശം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണമെന്ന്്് നിര്‍ദേശമുണ്ട്്്.
Next Story

RELATED STORIES

Share it