wayanad local

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: പരിശീലന പരിപാടി തുടങ്ങി

മാനന്തവാടി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനും അതില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുമായുള്ള എന്യുമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിന്നുമായി 1,800ഓളം പേരാണ് എന്‍പിആര്‍ കണക്കെടുപ്പിനായി നിയോഗിക്കപ്പെട്ടത്. അധ്യയന ദിനങ്ങളുടെ നഷ്ടം ചൂണ്ടിക്കാണിച്ച് അധ്യാപകരെ ഈ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും 1,500ഓളം അധ്യാപകരാണ് എന്യുമറേറ്റര്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. മാനന്തവാടി താലൂക്കില്‍ 620 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 650ഉം വൈത്തിരിയില്‍ 500ഉം പേരാണ് എന്‍പിആര്‍ ഫീല്‍ഡ് വര്‍ക്കുകള്‍ക്കായി നിയോഗിച്ചത്.
ഇതില്‍ റവന്യൂ വകുപ്പിലെ ഏതാനും പേരൊഴികെ 1,500ലധികം അധ്യാപകര്‍ക്കാണ് ചുമതല. 2011ല്‍ എന്‍പിആറിന് വേണ്ടി കണക്കെടുപ്പില്‍ പങ്കെടുത്തവരെ ഈ വര്‍ഷവും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ അഭാവത്തില്‍ മാത്രമാണ് പുതിയ അധ്യാപകരെയും ഫീല്‍ഡ് വര്‍ക്കിനായി നിയോഗിച്ചിരിക്കുന്നത്. 2011ല്‍ കണക്കെടുപ്പ് നടന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ തന്നെ ഈ വര്‍ഷവും നിയമിച്ചാല്‍ ജോലി എളുപ്പത്തിലാവുമെന്നു കണ്ടാണ് ഇത്തരത്തില്‍ നിയമിച്ചിരിക്കുന്നത്.
എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളിലെ പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ നിന്നുള്ളവരെയാണ് എന്യുമറേറ്റര്‍മാരാക്കിയിട്ടുള്ളത്. പരിശീലനത്തിനുശേഷം ഫീല്‍ഡ് വര്‍ക്കുകള്‍ തുടങ്ങുകയും ഡിസംബര്‍ പകുതിയോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി സംഗ്രഹ ഷീറ്റ് ഉപജില്ലാ രജിസ്ട്രാറായ തഹസില്‍ദാര്‍ക്ക് കൈമാറാനുമാണ് നിര്‍ദേശം. ജില്ലയില്‍ 2011ലെ കണക്ക് പ്രകാരം 1,83,375 വീടുകളും 9,69,215 പേര്‍ ജനസംഖ്യയുമാണുണ്ടായിരുന്നത്. ഡിസംബര്‍ രണ്ടു മുതല്‍ 14 വരെ നടത്തേണ്ട സെല്‍ എന്‍പിആര്‍ കണക്കെടുപ്പിനും ജില്ലാ കായികമേള, സബ് ജില്ലാ ജില്ലാ കലോല്‍സവങ്ങള്‍ എന്നിവയ്ക്കും അധ്യാപകര്‍ കൂട്ടത്തോടെ വിദ്യാലയം വിട്ടിറങ്ങുമ്പോള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റും.
ഇതു മുന്‍കൂട്ടി കണ്ട് അധ്യാപക സംഘടനകള്‍ കണക്കെടുപ്പ് ക്രിസ്മസ് അവധി സമയത്തേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it