Editorial

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍

ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മലയാള സിനിമാരംഗത്ത് നിരാശ പടര്‍ത്തിയിരിക്കുകയാണ്. ചില ചെറുനേട്ടങ്ങളിലൊതുങ്ങി മലയാള സിനിമ. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം കലാമേന്മയും സാമൂഹിക പ്രതിബദ്ധതയുമുള്ള മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന മലയാള സിനിമ ഇപ്പോള്‍ അതീവ ലാഘവത്തോടെ ജീവിതത്തെ നോക്കിക്കാണുന്ന സിനിമകളാണു നിര്‍മിക്കുന്നത് എന്നാണ് പലരും കരുതുന്നത്. ഇത്തവണ ജൂറി അംഗമായിരുന്ന പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ അഭിപ്രായത്തില്‍ ഹിന്ദി, മറാത്തി ചലച്ചിത്രമേഖലകളില്‍ ഗൗരവപൂര്‍വം നടക്കുന്ന ഉദ്യമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളസിനിമ മങ്ങിപ്പോവുകയാണ്. ഇപ്പറഞ്ഞതില്‍ ശരി ഇല്ലാതില്ല. ഹിന്ദി, മറാത്തി, കന്നഡ തുടങ്ങിയ ഭാഷകളില്‍ ജീവിതഗന്ധിയായ പ്രമേയങ്ങളെ ആസ്പദമാക്കി നല്ല സിനിമകളുണ്ടാവുമ്പോള്‍ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമ ന്യൂജെന്‍ എന്ന പേരില്‍ ചില പതിവ് ചാലുകളിലൂടെ മാത്രം സഞ്ചരിക്കുകയാണ്. പലപ്പോഴും താരകേന്ദ്രീകൃതമായിത്തീരുകയും ചെയ്യുന്നു നമ്മുടെ സിനിമ. ഗൗരവബോധത്തോടുകൂടിയതും സാമൂഹികപ്രശ്‌നങ്ങളില്‍ ഊന്നുന്നതുമായ സിനിമകളുടെ നിര്‍മാണം മലയാളത്തിലെ മുഖ്യധാരാ ചലച്ചിത്രനിര്‍മാതാക്കള്‍ ഏറക്കുറേ ഉപേക്ഷിച്ചുകഴിഞ്ഞു. ഈ അവസ്ഥ പുരസ്‌കാരങ്ങളില്‍ പ്രതിഫലിക്കുന്നു എന്ന നിരീക്ഷണത്തെ അപ്പാടെ തള്ളിക്കളയാന്‍ വയ്യ. അതേസമയം, ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരനിര്‍ണയം നല്ല സിനിമയെ എത്രത്തോളം പ്രോല്‍സാഹിപ്പിച്ചു എന്നും ആലോചിക്കേണ്ടതുണ്ട്. ബോളിവുഡില്‍ ഇറങ്ങുന്ന വാണിജ്യസിനിമയുടെ താല്‍പര്യങ്ങളെ താലോലിക്കുന്ന മട്ടിലാണ് പല പുരസ്‌കാരങ്ങളും നിര്‍ണയിക്കപ്പെട്ടത്. എസ് എസ് രാജമൗലിയുടെ ബാഹുബലി ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നതില്‍നിന്നുതന്നെ വിധികര്‍ത്താക്കളുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാവും. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ള ആളുകള്‍ ജൂറിയുടെ നിലവാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ നാം മുഖവിലയ്‌ക്കെടുക്കുക തന്നെ വേണം. മികച്ച സിനിമയും ജനകീയ സിനിമയും ഒരേ വഴിയിലൂടെയല്ല സഞ്ചരിക്കുന്നത് എന്നറിയാത്ത ജൂറി നല്ല സിനിമയുടെ വളര്‍ച്ച മുരടിപ്പിക്കുകയേയുള്ളൂ. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ മൗലികമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന പല മികച്ച സിനിമകളും ഇത്തവണ യാതൊരു പരാമര്‍ശവുമില്ലാതെ അവഗണിക്കപ്പെട്ടു എന്നതാണ് ദുഃഖകരം. ഉദാഹരണത്തിന്, സനല്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'യും മനോജ് കാനയുടെ 'അമീബ'യും ജൂറി കണക്കിലെടുത്തതായിപ്പോലും കാണുന്നില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ജാതിവിവേചനമാണ് 'ഒഴിവുദിവസത്തെ കളി'യുടെ പ്രമേയം. 'അമീബ' എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന പ്രമേയം ചര്‍ച്ചചെയ്യുന്നു. സാമൂഹികപ്രസക്തിയുള്ള ഈ പടങ്ങളൊന്നും ഗൗനിക്കപ്പെടാതിരിക്കുകയും ബോളിവുഡ് ധാരാളിത്തത്തിന്റെ നിര്‍മിതികള്‍ കൊണ്ടാടപ്പെടുകയും ചെയ്യുന്നത് ഏതായാലും നല്ല ലക്ഷണമല്ല.
Next Story

RELATED STORIES

Share it