ദേശീയ അപ്പീല്‍ കോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ പരിഗണിക്കുന്നതിനായി ദേശീയ അപ്പീല്‍ കോടതികള്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.
അടുത്ത മാസം നാലിന് ഇക്കാര്യം സുപ്രിംകോടതി പരിഗണനയ്‌ക്കെടുക്കും. അപ്പോള്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയെയും മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദിനെയും കെ കെ വേണുഗോപാലിനെയും ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ച് ചുമതലപ്പെടുത്തി. പുതുച്ചേരി സ്വദേശിയായ അഭിഭാഷകന്‍ വി വസന്ത്കുമാര്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണു നടപടി.
അപ്പീല്‍ കോടതി ആവശ്യമില്ലെന്നും അതിന്റെ രൂപീകരണം അത്ര എളുപ്പമല്ലെന്നുമുള്ള നിലപാടാണ് റോഹത്ഗി കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍, ഈ വാദങ്ങളെ ഖണ്ഡിച്ച കെ കെ വേണുഗോപാല്‍, ആറുവര്‍ഷം നീണ്ട സംവാദത്തിനൊടുവില്‍ അയര്‍ലന്‍ഡില്‍ അപ്പീല്‍ കോടതികള്‍ രൂപീകരിച്ച കാര്യം ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങള്‍ ഓരോന്നായി അപ്പീല്‍ കോടതികള്‍ രൂപീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സുപ്രിംകോടതി സ്ഥിതിചെയ്യുന്ന ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍ക്ക് ഹൈക്കോടതി വിധികളെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, കേരളം, തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹൈക്കോടതി വിധികളെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുന്നതിനു പ്രയാസങ്ങളുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇതിനിടെ വാദത്തില്‍ ഇടപെട്ട ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, അപ്പീല്‍ കോടതികള്‍ നിലവില്‍വന്നാലും സുപ്രിംകോടതിയുടെ ഭാരം ലഘൂകരിക്കപ്പെടില്ലെന്നു നിരീക്ഷിച്ചു. നിങ്ങളുടെ വാദത്തിന് ജനപിന്തുണ ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍, അപ്പീല്‍കോടതി രൂപീകരിക്കുന്നതിനാവശ്യമായ രൂപരേഖ ഉണ്ടാക്കേണ്ടതുണ്ടെന്ന് വേണുഗോപാലിനോട് ചീഫ്ജസ്റ്റിസ് പറഞ്ഞു. സുപ്രിംകോടതിക്ക് അതു രൂപീകരിക്കാനാവില്ല. അതിനാല്‍ അതിന്റെ ചട്ടങ്ങള്‍ നിങ്ങള്‍ തന്നെ വിശദീകരിക്കൂ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്ക് ഹൈക്കോടതി വിധികളെ ഡല്‍ഹിയിലെത്തി സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചു ബോധ്യമുണ്ടെന്നും നീതിലഭ്യമാക്കാനുള്ള സൗകര്യം പൗരന്‍മാര്‍ക്ക് എളുപ്പത്തിലാക്കേണ്ടതുണ്ടെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കാനായി മൂന്നംഗ അഭിഭാഷകരെ സുപ്രിംകോടതി ചുമതലപ്പെടുത്തിയത്. ദേശീയതലത്തിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും അപ്പീല്‍ കോടതികള്‍ സ്ഥാപിക്കണമെന്നും ഇത് സുപ്രിംകോടതിയുടെ ഭാരം കുറയ്ക്കുമെന്നുമാണ് വസന്ത്കുമാര്‍ തന്റെ പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ സുപ്രിംകോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം കേന്ദ്ര നിയമമന്ത്രാലയത്തില്‍ ഉന്നയിച്ചപ്പോള്‍ അവരതു തള്ളി.
സിവില്‍-ക്രിമിനല്‍ ഉള്‍പ്പെടെ ഹൈക്കോടതികളിലെ കേസുകളുടെ അന്തിമ തീര്‍പ്പുകല്‍പിക്കുന്നത് ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അപ്പീല്‍ കോടതികളാവണം. രാജ്യത്തെ ഉന്നത നീതിപീഠവും അപ്പീല്‍ കോടതിയായിരിക്കണം. പൊതുതാല്‍പര്യ ഹരജികളും ഹൈക്കോടതി വിധികളെ ചോദ്യംചെയ്യുന്ന ഹരജികളും സ്വീകരിക്കാന്‍ അധികാരം നല്‍കുന്ന വിധത്തിലാവണം അപ്പീല്‍ കോടതികളെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Next Story

RELATED STORIES

Share it