kozhikode local

ദേശീയപാത വികസനം ഇത്തവണയും ചര്‍ച്ചാ വിഷയം

വടകര : കൊയിലാണ്ടി, വടകര നിയോജക മണ്ഡലത്തില്‍ ഇത്തവണയും ദേശീയപാത വികസനം തിരഞ്ഞെടുപ്പില്‍ സജിവ ചര്‍ച്ച വിഷയമാകുന്നു. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രതിപാദിച്ചതാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സജീവമായി നിലനിന്ന വിഷയമായിരുന്നു ദേശീയപാത വികസനം.
വെങ്ങളം മുതല്‍ അഴിയൂര്‍ വരെ 42 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന ദേശീയപാത വടകര, കൊയിലാണ്ടി മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം, വീട്, കച്ചവട സ്ഥാപനങ്ങള്‍ കൂടാതെ ആരാധനാലയങ്ങളടക്കം നഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങളുടെ വോട്ട് ലഭിക്കാനാണ് സ്ഥാനാര്‍ഥികള്‍ തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ട്.
എന്നാല്‍ 30മീറ്ററില്‍ നാല് വരി പാത മാത്രമെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിവരികയാണ് നിലവില്‍. പല തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍വെകള്‍ നടന്നുവെങ്കിലും വ്യക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രി മുതല്‍ ജില്ലാ കലക്ടര്‍ വരെ പല തവണ ഈ വിഷയത്തില്‍ യോഗം ചേര്‍ന്നുവെങ്കിലും സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വാസ്തവം. തിരുവനന്തപുരത്തെ കരമന കളിയിക്കാവിളയില്‍ 30 മീറ്ററില്‍ നാല് വരിപാത സര്‍ക്കാര്‍ പണിത സാഹചര്യത്തില്‍ ഇവിടെയും ഇത് നടപ്പിലാക്കണമെന്നാണ് കര്‍മ്മസമിതിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേശീയപാതയോരത്ത് ഈ വിഷയത്തെ സ്ഥാനാര്‍ഥികള്‍ പ്രതിപാദിക്കുന്നതോടൊപ്പം പ്രകടന പത്രികയിലും ദേശീയപാത വികസനം പറയുന്നുണ്ട്. എന്നാല്‍ മുന്നണികള്‍ ഇതുവരെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം പറയുന്നില്ല. എന്നാല്‍ ചില സ്ഥാനാര്‍ഥികള്‍ 30 മീറ്ററില്‍ തന്നെ വേണമെന്ന ആവശ്യവുമായി രംഗത്ത് വരുന്നതായും കാണുന്നുണ്ട്. ഇത് സംബന്ധിച്ച ലഘുലേഖ വിതരണവും ദേശീയപാതയോരത്ത് നടക്കുന്നുണ്ട്. വടകര, കൊയിലാണ്ടി മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ ദേശീയപാതയോരത്തെ വോട്ടുകളും നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.
30മീറ്റരില്‍ നാല് വരിപ്പാതയെന്ന കര്‍മ്മസമിതിയുടെ തീരുമാനം അംഗീകരിച്ച് നടപ്പിലാക്കുന്നവര്‍ക്ക് മാത്രമെ വോട്ട് ചെയ്യുവെന്ന് സമിതി ജില്ലാഭാരവാഹികളായ എ ടി മഹേഷ്, പ്രദീപ് ചോമ്പാല എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ടെന്നും ശേഷം അവര്‍ പ്രഖ്യാപിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും വോട്ടിങ് ചെയ്യുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it