kozhikode local

ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ക്കും ഖബറിസ്ഥാനും മുകളിലൂടെ

പയ്യോളി: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാടിനും നന്തി മേല്‍പ്പാലത്തിനുമിടയില്‍ നിരവധി ആരാധനാലയങ്ങളുടെയും ഖബറിസ്ഥാനുകളുടെയും മുകളിലൂടെയാണ് ദേശീയപാത വികസനം നടക്കുക. 10 കിമി ദൂരപരിധിയില്‍ ഏഴോളം മുസ്‌ലിം പള്ളികള്‍ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവരും. കൂടാതെ മൂന്ന് ഖബറിസ്ഥാന്‍ ഭൂമിക്കും മുകളിലൂടെയായിരിക്കും പാത വികസിപ്പിക്കുക.
തിക്കോടി പൂവടിത്തറയും തൊട്ടടുത്തുള്ള ക്ഷേത്രവും ഒരുകാവും പയ്യോളി പോലിസ് സ്‌റ്റേഷനു മുന്നിലുള്ള ക്ഷേത്രവും ദേശീയപാതയുടെ ഇരയായി മാറും. കൂടാതെ വേറേയും പള്ളികളും ക്ഷേത്രങ്ങളും ഭാഗികമായി പൊളിക്കപ്പെടും.
മൂരാട് മുഹിയുദ്ദീന്‍ പള്ളി, ഇരിങ്ങല്‍ ഹിലാല്‍ മസ്ജിദ്, പയ്യോളി ടൗണ്‍ മസ്ജിദ്, പെരുമാള്‍പുരം സലഫി പള്ളി, ഗുരിക്കള്‍ താഴെ സ്രാമ്പി പെരുമാള്‍ പുരം, തിക്കോടി ടൗണ്‍ ജുമാമസ്ജിദ്, മസ്ജിദുനൂര്‍ 20ാം മൈല്‍ പാലൂക, എന്നിവ പൂര്‍ണമായും പൊളിക്കപ്പെടും.
തിക്കോടി മീത്തലെ പള്ളി ഖബറിസ്ഥാന്‍, അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബറിസ്ഥാന്‍, പാലൂര്‍ മുഹിയുദ്ദീന്‍ പള്ളി ഖബറിസ്ഥാന്‍ എന്നിവ ഭാഗികമായും നഷ്ടപ്പെടും. നിലവിലെ അലൈമെന്റില്‍ ഭേദഗതി വരുത്തി പുതുക്കി നിശ്ചയിക്കുകയാണെങ്കില്‍ 30 മീറ്റര്‍ ആക്കിചുരുക്കുകയോ ചെയ്താല്‍ ഒരു പരിധിവരെ ഖബറിസ്ഥാന്‍ ഭൂമിയും ആരാധനാലയങ്ങളും സംരക്ഷിക്കാനാകും. പള്ളികളുടേയും ഖബറിസ്ഥാന്‍ ഭൂമിയുടേയും സംരക്ഷണത്തിനായി സംയുക്ത മഹല്ല് കമ്മിറ്റിയോഗം ചേര്‍ന്നിട്ടുണ്ട്.
ഇതിനു വേണ്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ തുടക്കമെന്നോണം മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കുമെന്ന് മഹല്ല് ഭാരവാഹികള്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it