ernakulam local

ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല

കളമശ്ശേരി: വര്‍ഷകാല ശുചീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രഖ്യാപനങ്ങള്‍ പലതും തുടര്‍ക്കഥയാവുമ്പോഴും പ്രധാന റോഡുകളിലെ കാനകള്‍ പലതും മണ്ണിട്ടുമൂടിയ നിലയില്‍. ദേശീയപാതയിലെ വെള്ളക്കെട്ടിനും പരിഹാരം കണ്ടെത്താന്‍ നടപടിയും ആയില്ല. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ ദേശീയപാതയില്‍ വന്‍ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
ദേശീയപാത പത്തടിപ്പാലത്തും ടിവിഎസ് കവല, റെയില്‍വേ മേല്‍പാലവും അപ്പോളോ കമ്പനിക്ക് എതിര്‍വശവുമാണ് വെള്ളക്കെട്ട്. അടച്ചുമൂടിയ കാനകള്‍ തുറക്കാനോ വെള്ളം ഒഴുകിപോകാനോ നഗരസഭ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ദേശീയപാത പത്തടിപ്പാലത്ത് കാന ഇതിനകം തന്നെ മൂടപ്പെട്ട നിലയിലാണ്. ഗ്യാസ് പൈപ്പ് കൊണ്ടുപോവുന്നതിന് കുഴിയെടുത്തപ്പോള്‍ കാനയില്‍ മണ്ണുവീണ് വെള്ളം ഒഴുകിപ്പോവാതെ ദേശീയപാതയില്‍തന്നെ നിറഞ്ഞുകിടക്കുകയാണ്. ഇതിലെ ദുര്‍ഗന്ധം സമീപത്തും സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തുന്നവര്‍ക്കും ദുരിതമാവുകയാണ്.
നഗരസഭാ പരിധിയിലൂടെ കടന്നുപോവുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലേയും കാനകള്‍ തകര്‍ന്നു കിടന്നിട്ട് നാളുകള്‍ ഏറെയായി. മെട്രോ റെയില്‍ നിര്‍മാണത്തിനിടയിലും ഗ്യാസ് പൈപ്പിടുന്ന ജോലിക്കിടയിലും പല കാനകളും മണ്ണുവീണ് അടഞ്ഞുപോയെങ്കിലും ഇത് വൃത്തിയാക്കാനോ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനോ നഗരസഭയും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. വര്‍ഷകാലം ശക്തമാവുന്ന സാഹചര്യത്തില്‍ ദേശീയപാതയോരത്ത് കാനകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഇനിയും വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it