ദേശീയപതാക അഴിച്ചുമാറ്റുന്നത് വൈകിക്കല്‍ കുറ്റകൃത്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സൂര്യാസ്തമയത്തിനു മുമ്പ് സ്വാതന്ത്ര്യ, റിപബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ ദേശീയപതാക അഴിച്ചുമാറ്റണമെന്നത് മാതൃക പെരുമാറ്റച്ചട്ടമാണെങ്കിലും ഇതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ലെന്ന് ഹൈക്കോടതി. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ നാദാപുരം തൂണേരി പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ഉയര്‍ത്തിയ ദേശീയപതാക രാത്രി വൈകിയും അഴിച്ചു മാറ്റാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കെതിരേയെടുത്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
1971ലെ ദേശീയ ചിഹ്നങ്ങളോടും പതാകയോടുമുള്ള അനാദരവ് തടയല്‍ നിയമത്തിന്റെ പരിധിയില്‍ കുറ്റമെന്ന നിലയില്‍ ഈ കൃത്യം വരുന്നില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുത്തരവ്. ദേശീയപതാകയോട് അനാദരവു കാട്ടിയെന്നാരോപിച്ച് തനിക്കെതിരേ നാദാപുരം പോലിസ് എടുത്ത കേസ് നിലനില്‍ക്കുന്നതല്ലെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറി പി കെ സതീഷ്ബാബു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
1971ലെ നിയമത്തിലെ രണ്ടാം വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് ദേശീയപതാകയോടുള്ള അനാദരവിന് കേസെടുത്തത്. സൂര്യാസ്തമയത്തിനു ശേഷം പതാക താഴ്ത്തിയില്ല എന്നത് ദേശീയപതാകയോടുള്ള അവഹേളനത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇക്കാര്യം ബോംബെ ഹൈക്കോടതി ഒരു കേസില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയായ കേസില്‍ സുപ്രിംകോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. സന്ധ്യക്കു ശേഷം ദേശീയപതാക അഴിച്ചുമാറ്റണമെന്നത് ഫഌഗ് കോഡിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തുന്നത്. പൗരന്‍മാര്‍ പിന്തുടരേണ്ട മാതൃകാ പെരുമാറ്റച്ചട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമായാണ് ഇതു നിലനില്‍ക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമമല്ല. പെരുമാറ്റച്ചട്ടമെന്നതിനപ്പുറം നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it