kasaragod local

ദേശാടന തുമ്പികളെ തേടി വിദ്യാര്‍ഥികള്‍

മൊഗ്രാല്‍പുത്തൂര്‍: ദേശാടന തുമ്പികളെ തേടി വിദ്യാര്‍ഥികളുടെ പഠന അന്വേഷണം. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബാണ് വേറിട്ടു നിന്ന പ്രകൃതി നിരീക്ഷണം സംഘടിപ്പിച്ചത്. അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കി കടന്നു വരുന്ന അപൂര്‍വ ദേശാടകരായ തുലാത്തുമ്പികള്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നുകള്‍ക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച കുട്ടികള്‍ക്ക് വിസ്മയമായി.
തുലാവര്‍ഷത്തോടെയാണ് ഇവ കേരള തീരത്തേക്ക് ദേശാടനത്തിനായെത്തുന്നത്. ഗ്ലോബല്‍ സ്‌കിമ്മേഴ്‌സ് അഥവാ വാണ്ടറിങ്ങ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന തുലാത്തുമ്പികള്‍ ദേശാടനത്തിലെ വമ്പന്‍മാരാണ്. നാട്ടില്‍ കൊതുകുകളുടെ എണ്ണം വര്‍ധിക്കുന്നതോടെയാണ് ഇവയുടെ ആഗമനം. കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം ഉറപ്പു വരുത്തുകയുമാണ് തുലാത്തുമ്പികളുടെ ധര്‍മം. സാധാരണയായി ഇവയുടെ വംശവര്‍ധന വെള്ളത്തില്‍ മുട്ടയിട്ട് രൂപാന്തരം നടത്തിയാണ്.
തണ്ണീര്‍ത്തടങ്ങളും വയലുകളും ക്രമാതീതമായി ചുരുങ്ങുകയും മലിനമാവുകയും ചെയ്യുന്നത് തുലാത്തുമ്പികളെ നാശോന്‍മുഖമാക്കുകയാണ്. തുമ്പി സര്‍വേയില്‍ കുട്ടികള്‍ 25 ഇനങ്ങളെ തിരിച്ചറിഞ്ഞു. കേരളത്തില്‍ 160 ഇനങ്ങളുണ്ടെന്നാണ് കണക്ക്.
തുലാത്തുമ്പി, ചങ്ങാതി തുമ്പി, സ്വാമി തുമ്പി, തുരുമ്പന്‍ തുമ്പി, ഹെലിക്കോപ്റ്റര്‍ തുമ്പി, വയല്‍ തുമ്പി, കനല്‍ തുമ്പി, ഓണ തുമ്പി എന്നിവ അവയില്‍ ചിലതു മാത്രം. ഇതോടൊപ്പം സൂചി തുമ്പികളെയും കുഴിയാന തുമ്പികളെയും നിരീക്ഷിക്കാനും കുട്ടികള്‍ക്കായി. പാരിസ്ഥിതികമായ ഇതിന്റെ സേവനം തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയാണ് നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനാധ്യാപകന്‍ കെ അരവിന്ദ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ക്ലാസെടുത്തു. കെ അബ്ദുല്‍ ഹമീദ്, ടി എം രാജേഷ്, എം സുരേന്ദ്രന്‍, പി എ നളിനി, പി വേണുഗോപാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it