ദേവസ്വം ബാര്‍ഡില്‍ ഹിതപരിശോധന പൂര്‍ത്തിയായി; ഫലം നാളെ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗീകൃത ട്രേഡ് യൂനിയനെ തിരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന പൂര്‍ത്തിയായി. നാളെയാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലമറിയാനാവും. വടക്കന്‍ പറവൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 22 കേന്ദ്രങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നു. ആറായിരത്തോളം ജീവനക്കാരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും സിപിഎം ആഭിമുഖ്യമുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനും തമ്മിലാണ് ഹിതപരിശോധനയില്‍ പ്രധാന മല്‍സരം.
സിപിഐ നേതൃത്വം നല്‍കുന്ന എംപ്ലോയീസ് ഓര്‍ഗനൈസേഷനും ബിഎംഎസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് ഫ്രണ്ടും മല്‍സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിച്ച ആര്‍എസ്പി യൂനിയന്റെ പിന്തുണ ഇത്തവണ എംപ്ലോയീസ് ഫ്രണ്ടിനാണ്.
വോട്ടെടുപ്പിന് സംരക്ഷണം തേടി കോണ്‍ഗ്രസ് യൂനിയന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കനത്ത പോലിസ് സംരക്ഷണയിലാണ് വോട്ടെടുപ്പ് നടന്നത്.
ഹിതപരിശോധനയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന യൂനിയനായിരിക്കും അംഗീകൃത യൂനിയനായി തിരഞ്ഞെടുക്കപ്പെടുക. അഞ്ചുവര്‍ഷമാണ് അംഗീകൃത യൂനിയന്റെ കാലാവധി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബോര്‍ഡുമായി ചര്‍ച്ച നടത്താനുള്ള അവകാശം അംഗീകൃത യൂനിയനായിരിക്കും.
കഴിഞ്ഞതവണ നടന്ന ഹിതപരിശോധനയില്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടാണ് അംഗീകൃത യൂനിയനായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it