ദേവദാസി സമ്പ്രദായം: കേന്ദ്രത്തിന് പിഴ

ന്യൂഡല്‍ഹി: ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി 25,000 രൂപ പിഴ ചുമത്തി.ജസ്റ്റിസുമാരായ മദന്‍ ബി ലോകറും യു യു ലളിതും അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് പിഴ ചുമത്തിയത്. കഴിഞ്ഞ സപ്തംബര്‍ 11നായിരുന്നു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ജനുവരി എട്ടിലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ദേവദാസി സമ്പ്രദായത്തിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എസ്എല്‍ ഫൗണ്ടേഷന്‍ എന്ന സര്‍ക്കാരിതര സംഘടന സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ചപ്പോഴായിരുന്നു കോടതി കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞത്. കര്‍ണാടകയിലെ ദേവനഗര്‍ ജില്ലയില്‍ ഉതംഗിമാല ക്ഷേത്രത്തില്‍ നടക്കുന്ന ദേവദാസി സമര്‍പ്പണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. ഒരു സ്ത്രീയെ ജീവാതാവസാനംവരെ ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതാണ് ദേവദാസി സമ്പ്രദായം. നിരോധിക്കപ്പെട്ടിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹരജിയില്‍ പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it