kasaragod local

ദേലമ്പാടിയില്‍ വനിതകളുടെ ഇഞ്ചോടിഞ്ച് പോരാട്ടം

മുള്ളേരിയ: മറാഠി വോട്ടുകള്‍ നിര്‍ണായകമായ ദേലംപാടി ഡിവിഷനില്‍ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. മുസ്‌ലിംലീഗിന്റെ നഫീസ ഗഫൂറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലായ ഇവര്‍ തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്. നേരത്തെ നായന്മാര്‍മൂല എന്‍എ മോഡല്‍ സ്‌കൂളിലും പ്രിന്‍സിപ്പല്‍ ആയിരുന്നു. ദേളി ജാമിഅ സഅദിയ, കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. ദേളി ജങ്ഷനില്‍ താമസിക്കുന്ന നഫീസക്ക് നാലു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നു. ഇത് ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്.
കാസര്‍കോട് ബാറിലെ അഭിഭാഷകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാറഡുക്ക ഏരിയ പ്രസിഡന്റുമായ എ പി ഉഷയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഉഷയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് ഇവരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അഡൂര്‍ വനിത സര്‍വീസ് സഹകരസംഘത്തിന്റെ പ്രസിഡന്റ് എന്നീ നലകളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആണ്.
കഴിഞ്ഞ തവണ സിപിഎമ്മിന്റെ എം തിമ്മയ്യ 67 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മഹിള മോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പ്രമീള സി നായ്ക്കാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എടനീര്‍ ഡിവിഷനില്‍ നിന്ന് പ്രമീള വിജയിച്ചിരുന്നു. ബെള്ളൂര്‍, കാറഡുക്ക ബ്ലോക്കുകളില്‍ ബിജെപിക്ക് സ്വാധീനമുണ്ട്.
കറഡുക്ക ബ്ലോക്കില്‍പ്പെട്ട ബെള്ളൂര്‍, ആദൂര്‍, ദേലംപാടി, മുളിയാര്‍, കാറഡുക്ക എന്നീ ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് ഈ ഡിവിഷന്‍. 52,293 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
Next Story

RELATED STORIES

Share it