ദൂരിയാന്‍ വെറുമൊരു ചക്കയല്ല; വില ആയിരത്തിനു മുകളില്‍

കോഴിക്കോട്: മലേഷ്യയുടെ ദേശീയ പഴമായ ദൂരിയാന്‍ ഇന്ത്യയില്‍ പഴവിപണിയിലെ വിലകൂടിയ ഇനമായി മാറുന്നു. പുറത്ത് മുള്ളുള്ള തോടും ചുളകളുമായി ചക്കയുടെ ഇനത്തില്‍പെട്ട പഴമാണെങ്കിലും വിദേശിയായതിനാലാണ് ദൂരിയാന്‍ വിലയുടെ കാര്യത്തില്‍ ചക്കയേക്കാള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത്.
ഏതിനത്തില്‍പ്പെട്ട ചക്കയും ശരാശരി 50-75 രൂപയ്ക്ക് ലഭിക്കുമെങ്കില്‍ 1000 രൂപയിലധികമാണ് ഒരു ദൂരിയാന്‍ ചക്കയുടെ വില. കേരളത്തിലെ പഴവിപണികളില്‍ അത്യപൂര്‍വമായി മാത്രമേ ഈ വിദേശി എത്തുന്നുള്ളൂ. പക്ഷേ തമിഴ്‌നാട്ടിലെ പ്രധാന പഴവിപണികളിലെല്ലാം ദൂരിയാനുണ്ട്. കിലോയ്ക്ക് 500 രൂപയാണ് പഴുത്ത ദൂരിയാന്‍ ചക്കയുടെ വില. ഒരുചക്ക കുറഞ്ഞത് രണ്ടു കിലോഗ്രാം തൂക്കമെങ്കിലും കാണുമെന്നതിനാല്‍ മലേഷ്യയുടെ ദേശീയ പഴം കഴിക്കണമെങ്കില്‍ 1000 രൂപയെങ്കിലും മുടക്കേണ്ടിവരും.
സപ്തംബര്‍ - നവംബര്‍ മാസങ്ങളിലാണ് മലേഷ്യയില്‍ ദൂരിയാന്‍ പഴുത്ത് പാകമാവാറുള്ളത്. മലേഷ്യയില്‍ നിന്നുമെത്തിച്ച് ദൂരിയാന്‍ കൃഷി തുടങ്ങിയ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ശ്രീലങ്കയിലും ചക്കയെപ്പോലെ തന്നെ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് ദൂരിയാന്‍ പഴുക്കുന്നത്. ശ്രീലങ്കയില്‍ നിന്നുമാണ് തമിഴ്‌നാട്ടിലെ വിപണികളിലേക്ക് ദൂരിയാന്‍ എത്തുന്നത്. ഊട്ടി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇവ വില്‍പനയ്ക്കു വച്ചിട്ടുണ്ട്. കിലോയ്ക്ക് അഞ്ഞൂറു രൂപയാണ് എല്ലായിടത്തും ഈടാക്കുന്നതെങ്കിലും പഴം ചെലവാകുന്നുണ്ടെന്ന് കുനൂരിലെ പഴവ്യാപാരിയായ ലക്ഷ്മി പറഞ്ഞു.
Next Story

RELATED STORIES

Share it