kasaragod local

ദുരിതബാധിതര്‍ക്കുള്ള പ്രതേ്യക ധനസഹായം; ബാങ്ക് കടം എഴുതിത്തള്ളുന്നതിന് സര്‍ക്കാരിനെ സമീപിച്ചു: ജില്ലാ കലക്ടര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതേ്യക ധനസഹായം നല്‍കുന്നതിനായി അനുവദിച്ചിട്ടുള്ള ഫണ്ടില്‍ നിന്നും ബാങ്കുകളിലുള്ള ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നതിനുള്ള പണം വകമാറ്റാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ കാലവിളംബരം കൂടാതെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നല്‍കിയ ഉത്തരവിനുള്ള നടപടി റിപോര്‍ട്ടിലാണ് ജില്ലാകലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും പലിശ ബാങ്കുകള്‍ ഒഴിവാക്കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പൊതുമേഖലാ ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍ സഹകരണ ബാങ്കുകള്‍ക്ക് പലിശ എഴുതിത്തള്ളണമെങ്കില്‍ സഹകരണ വകുപ്പിന്റെ അനുമതി വേണമെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ സഹകരണ സെക്രട്ടറിയെ സമീപിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ക്മ്മീഷനെ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടും ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകളോട് നടപടികള്‍ സ്വീകരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപവീതവും വൈകല്യം സംഭവിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും നല്‍കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസ്തുത തുക ഗഡുക്കളായി അനുവദിക്കുന്നുണ്ട്. എന്നാല്‍ പട്ടികയിലെ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കേണ്ട ധനസഹായത്തെ കുറിച്ച് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എങ്കിലും ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാന്‍ ഉത്തരവായിട്ടുണ്ട്.
പട്ടികയിലില്ലാത്ത ദുരിതബാധിതര്‍ മരിക്കുകയാണെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇനിയും പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വേണ്ടി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാംപുകളുടെ രജിസ്ട്രഷന്‍ നടപടികള്‍ ആരംഭിച്ചു. ക്യാംപ് അടുത്തമാസം നടക്കും.
കാലഹരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിന് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് തയ്യാറായിട്ടുണ്ട്. കമ്പനിയുടെ ആസ്ഥാനം എറണാകുളത്തായതിനാല്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റാന്‍ എറണാകുളം കലക്ടറേറ്റില്‍ യോഗം വിളിച്ചു കൂട്ടാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ദുരിതബാധിതരുടെ പെന്‍ഷന്‍ 1200 രൂപയായും 2200 രൂപയായും വര്‍ദ്ധിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ സമര്‍പ്പിച്ച 11 കേസുകളില്‍ കഴിഞ്ഞ മേയ് 21, 24 തീയതിയിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതികള്‍ പരിഹരിച്ച ശേഷം കലക്ടര്‍ നടപടി റിപോര്‍ട്ട് ഫയല്‍ ചെയ്യാത്തത് കമ്മീഷന്റെ വിമര്‍ശനത്തിന് കാരണമായിരുന്നു.
Next Story

RELATED STORIES

Share it