ദുരിതകാലത്തിലും ഫലസ്തീനികള്‍ക്ക് താങ്ങായി ഒലീവ് വിളവെടുപ്പ് കാലം

വെസ്റ്റ്ബാങ്ക്: ഇസ്രായേലിന്റെ അധിനിവേശവും അതിക്രമങ്ങളും തീര്‍ക്കുന്ന ദുരിത പര്‍വങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ജനതക്കിത് ആഹ്ലാദത്തിന്റെ കാലമാണ്. കാര്‍ഷിക മേഖലയില്‍ ഏറ്റവുമധികമാളുകള്‍ ഉപജീവനം തേടുന്ന ഒലീവ് കൃഷിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോള്‍ ഫലസ്തീനിലെങ്ങും.
ഫലസ്തീനിയന്‍ സംസ്‌കാരത്തിന്റെ പ്രതീകമായാണ് ഒലീവ് മരങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഒക്ടോബര്‍ പകുതിയോടെ ആരംഭിച്ച് ഡിസംബര്‍ അവസാനം വരെയാണ് ഇതിന്റെ വിളവെടുപ്പ്. കുടുംബബന്ധങ്ങള്‍ ഇഴ ചേര്‍ക്കപ്പെടുന്ന കാലമായാണ് ഫലസ്തീനികള്‍ വിളവെടുപ്പിനെ കാണുന്നത്. മാതാപിതാക്കളും മക്കളുമടക്കം കുടുംബത്തിലെ എല്ലാവരും കൂടിയാണ് ഒലിവ് തോട്ടങ്ങളില്‍ വിളവെടുപ്പിനെത്തുന്നത്. തങ്ങളുടെ തോട്ടങ്ങളിലെ വിളവെടുപ്പ് പൂര്‍ത്തിയായാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തോട്ടങ്ങളില്‍ അവരെ സഹായിക്കാനും പോവും. അങ്ങിനെ ഇത് കുടുംബങ്ങളുടെ സംഗമ വേദിയായും മാറുന്നു.
ഒലീവ് മരത്തിന് കീഴെ വലിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച ശേഷമാണ് വിളവെടുപ്പ്. മരത്തില്‍ കയറി കായ്കള്‍ നുളളിയെടുത്തു ശേഖരിച്ചാണ് ഇവ വിപണികളില്‍ എത്തിക്കുന്നത്. 80,000 കുടുംബങ്ങളാണ് ഫലസ്തീനില്‍ ഒലീവ് കൃഷിയിലൂടെ ഉപജിവനം തേടുന്നത്. ഒരു ഒലീവ് ചെടിയില്‍ നിന്നും ഏകദേശം 20 വര്‍ഷത്തോളം വരുമാനം ലഭിക്കും. ഫലസ്തീനികളുടെ ഏക്കറ് കണക്കിന് ഒലീവ് തോട്ടങ്ങള്‍ ഇസ്രായേല്‍ സൈന്യം തീവച്ചും വിഷം സ്‌പ്രേ ചെയ്തും നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഫലസ്തീനിലെ കൃഷിഭൂമിയുടെ പകുതിയോളം ഒലീവ് കൃഷിയാണുള്ളത്. 12.3 മില്യന്‍ യുഎസ് ഡോളര്‍ ഓരോ വര്‍ഷവും ഇസ്രായേലി സൈനികരുടെ അതിക്രമത്തില്‍ ഫലസ്തീന്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ഇസ്രായേലി സൈന്യത്തിന്റെ ആക്രമണങ്ങള്‍ കൂടാതെ ഫലസ്തീനില്‍ കയ്യേറി നിര്‍മിക്കപ്പെട്ടിട്ടുള്ള ജൂതന്‍മാരും ഇവരുടെ കൃഷിയിടത്തിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുന്നുണ്ട്. 'തീരെ മോശം സീസണല്ല ഇത്. എന്നാല്‍ ഏറ്റവും നല്ല വിളവെടുപ്പ് ലഭിച്ചിട്ടുമില്ല. ചൂട് കൂടിയതിനാലാവാം വിളകള്‍ക്ക് തൂക്കം കുറവു വന്നിട്ടുണ്ട്' വര്‍ഷങ്ങളായി ഒലിവ് കൃഷി ചെയ്യുന്ന റാമല്ലയിലെ അല്‍മുഗായിര്‍ ഗ്രാമത്തില്‍ നിന്നുള്ള നാജില നസ്സാന്‍ പറയുന്നു.
റാമല്ല ജില്ലയിലെ അല്‍മുഗായിര്‍ ഗ്രാമത്തിലാണ് ഇവര്‍ക്ക് തോട്ടമുള്ളത്. എന്നാല്‍ 1998 മുതല്‍ ഇസ്രായേലിന്റെ നിയമവിരുദ്ധ ചെക്ക്‌പോസ്റ്റ് ഇവിടെയുള്ളതിനാല്‍ ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അനുമതി വാങ്ങി മാത്രമേ തോട്ടത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തവണ വിളവെടുപ്പിനായി മൂന്നു ദിവസം മാത്രമാണ് ഇവര്‍ക്ക് ഇസ്രായേലി സൈന്യം അനുവദിച്ചത്.
Next Story

RELATED STORIES

Share it