'ദുരന്ത നിവാരണ സേനയെ ശക്തിപ്പെടുത്തണം'

കൊച്ചി: നിരവധി പെട്രോകെമിക്കല്‍ വ്യവസായങ്ങളുള്ള കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായപോലുള്ള വാതക ചോര്‍ച്ച തടയാന്‍ ദുരന്ത നിവാരണസേനയെ ശക്തിപ്പെടുത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വ്വസജ്ജമായ ദുരന്ത നിവാരണസേനയാണ് വേണ്ടത്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കണം ഇത്. ഇടയ്ക്ക് മോക്ക്ഡ്രില്‍ സംഘടിപ്പിക്കണം. രാത്രികാലങ്ങളില്‍ ലൈറ്റ് സംവിധാനം വേണം. ഈ ഘട്ടത്തില്‍ ജില്ല ഭരണകൂടത്തെയോ പോലിസിനെയോ അഗ്നിശമന സേനയെയോ കുറ്റപെടുത്തുന്നത് അവരെ നിരുല്‍സാഹപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും എംഎല്‍എ പറഞ്ഞു. കൊച്ചി നഗരത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകളെയാണ് സംഭവം ബാധിക്കുന്നത്. ഇത്തരത്തില്‍ അടിയന്തിര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ നേരിടുന്നതിനായി ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. ഓരോ ദിവസവും വാതകനീക്കം കൊച്ചിന്‍ പോര്‍ട്ട്, ജില്ലാ കലക്ടര്‍ എന്നിവരുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നതാണ് നിയമം. ഇത് പാലിക്കപ്പെടണം.
ജിപിഎസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് ചമ്പക്കര മേഖലയിലുണ്ടായ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും അപകടങ്ങള്‍ക്ക് വരെ വഴിവെച്ചെന്നും കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രേമചന്ദ്രന്‍, എ ബി സാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it