Kollam Local

ദുരന്തത്തിന്റെ മുഴക്കം മായാതെ, കാഴ്ചകളുടെ നടുക്കം തീരാതെ...

കൊല്ലം: പുലര്‍ച്ചെ നാലുമണിയോടെ ട്രാവന്‍കൂര്‍ മെഡിസിറ്റിയിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തുമ്പോള്‍, ജീവനക്കാര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, 110 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന്റെ അവിചാരിത സന്ദേശമായിത്തീരും അതെന്ന്. പത്തു മിനിട്ടു കഴിഞ്ഞപ്പോഴേക്കും, ആശുപത്രിയിലേക്കുള്ള വഴിയിലൂടെ വാഹനങ്ങള്‍ സൈറണും ഹോണും മുഴക്കി ഇരമ്പിപ്പാഞ്ഞു വന്നുതുടങ്ങി. പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രപരിസരത്തു നിന്ന്, അപകടത്തില്‍പ്പെട്ടവരെ കിട്ടിയ വാഹനങ്ങളില്‍ മെഡിസിറ്റിയിലേക്ക് എത്തിക്കുകയായിരുന്നു. എമര്‍ജന്‍സി വിഭാഗവും വാര്‍ഡുകളും നിറഞ്ഞപ്പോള്‍ ഇടനാഴികളും വരാന്തയും പോലും നിറഞ്ഞു. ആശുപത്രിയുടെ ഇടനാഴികളില്‍ അവരുടെ ഞരക്കവും മൂളലും മാത്രം നിറഞ്ഞു. പൊള്ളലേറ്റവരും പരിക്കേറ്റവും മൃതദേഹങ്ങളും എ്ല്ലാം ഇടകലര്‍ന്ന നിലയിലായിരുന്നുവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഫൈസലും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈജു അജുമുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു. മെഡിസിറ്റിയിലെ 23 പേര്‍ അടങ്ങുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് പിന്നീടുള്ള നടപടികള്‍ പുരോഗമിച്ചത്. ആശുപത്രിയില്‍ എത്തിച്ചവരുടെ പൊള്ളലും പരിക്കും അടിയന്തര സ്ഥിതിയും വിലയിരുത്തി അവരെ വിവിധ ചികില്‍സാ വിഭാഗങ്ങളിലേക്ക് അയച്ചു. എല്ലാ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരെ അടിയന്തര സന്ദേശമയച്ച് ആശുപത്രിയിലേക്കു വിളിപ്പിച്ചു. ഏഴരയായതോടെ വിവരമറിഞ്ഞെത്തുന്ന ബന്ധുക്കളുടെ കൂട്ടനിലവിളികളില്‍ ആശുപത്രി പരിസരം മുങ്ങി. അപകടത്തെ തുടര്‍ന്ന് 86 പേരെ മെഡിസിറ്റിയില്‍ എത്തിച്ചു. ഇവരില്‍ 13 പേരുടെ ജീവന്‍ അപകടസ്ഥലത്തു വച്ചുതന്നെ നഷ്ട്‌പ്പെട്ടിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കേളജ് ആശുപത്രിയിലേക്ക് മാറ്റി. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊലിച്ച് അബോധാവസ്ഥയിലായിരുന്നിട്ടും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച നിലയില്‍ കൊണ്ടുവന്ന യുവാവിന്റെ കാഴ്ച തിരക്കുകള്‍ക്കിടയിലും ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മീനാ ആശോക്, ചീഫ് എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. സജി, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ബിലാല്‍, ചീഫ് ഇന്റന്‍സിവിസ്റ്റ് ഡോ. തെജു, ന്യൂറോ സര്‍ജന്‍ ഡോ. നൗഷാദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവരാണ് അശുപത്രിയിലെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it