ernakulam local

ദുരന്തങ്ങള്‍ നേരിടല്‍; ജില്ലയില്‍ പ്രാദേശിക എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകള്‍ തുറക്കും

കോട്ടയം: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകള്‍ തുറക്കും. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിനു പുറമെ വൈക്കം, കുമരകം, ഈരാറ്റുപേട്ട, എരുമേലി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണു പ്രാദേശിക സെന്ററുകള്‍ തുറക്കുക. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്ന് 20 പേരെ വീതം തിരഞ്ഞെടുത്ത് റാപ്പിഡ് റിസോഴ്‌സ് ടീമുകളെ രൂപീകരിച്ച് ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു പരിശീലനം നല്‍കും. ഇതിനാവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിന് വയര്‍ലെസ് സൗകര്യങ്ങള്‍ കൂടുതല്‍ വില്ലേജുകളില്‍ ഏര്‍പ്പെടുത്തും. ഒമ്പത് വില്ലേജുകളില്‍ ഈ സംവിധാനം നിലവിലുണ്ട്.
പഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ സമിതികള്‍ സജീവമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലേയും റോഡുകള്‍, ജലാശയങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശുപത്രി ഉള്‍പ്പടെയുളള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പുനരധിവാസത്തിനുളള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുളള ജില്ലയുടെ ഒരു സമഗ്ര മാപ്പ് തയ്യാറാക്കി വരികയാണ്. ദുരന്ത നിവരാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുളള ശില്‍പ്പശാല ഡിസംബര്‍ 22ന് കലക്ടറേറ്റില്‍ നടത്തും.
ദുരന്ത നിവരാണത്തിന് ഓരോ വകുപ്പിനും ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഈ ശില്‍പ്പശാലയിലൂടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ശേഖരിക്കും.
Next Story

RELATED STORIES

Share it