ദുബയ് -റഷ്യ ഫ്‌ളൈ ദുബയ് എഫ് ഇസഡ് 981 ബോയിങ് വിമാനം തകര്‍ന്ന് 62 മരണം

കബീര്‍ എടവണ്ണ

ദുബയ്/മോസ്‌കോ: ദുബയില്‍ നിന്ന് റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം തകര്‍ന്നുവീണ് രണ്ടു മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 62 പേര്‍ മരിച്ചു. ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദുബയ് ഫ്‌ളൈ കമ്പനിയുടെ എഫ് ഇസഡ് 981 എന്ന 737-800 ബോയിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ പ്രാദേശികസമയം ഇന്നലെ പുലര്‍ച്ചെ 3.50ഓടെയായിരുന്നു (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.01) സംഭവം. ലാന്‍ഡിങിനിടെ തീപിടിച്ച് 800 അടി ഉയരത്തില്‍നിന്നു വിമാനം റണ്‍വേയില്‍ പതിക്കുകയായിരുന്നു.
ആദ്യ ശ്രമത്തില്‍ ഇറക്കാന്‍ സാധിക്കാതെ പറന്നുയര്‍ന്ന വിമാനം, രണ്ടാമതും ഇറക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. റണ്‍വേയിലെ മൂടല്‍മഞ്ഞും കാറ്റുമാണ് ദുരന്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ബഥനി കുരിശിന് സമീപം ചാമക്കാലയില്‍ മോഹനന്റെയും ഷീജയുടെയും മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ ഓടക്കാലി പയ്യാല്‍ കതിര്‍വേലി വീട്ടില്‍ അയ്യപ്പന്റെയും ഗീതയുടെയും മകള്‍ അഞ്ജു (26) എന്നിവരാണു മരിച്ച മലയാളികള്‍. റഷ്യയിലെ സുല്‍ത്താന്‍ സ്പാ ആയുര്‍വേദ മസാജ് സെന്ററിലെ ജീവനക്കാരാണ് ഇരുവരും. രണ്ടുമാസത്തെ അവധിക്കുശേഷം കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവര്‍ റഷ്യയിലേക്കു മടങ്ങിയത്.
രണ്ട് ഇന്ത്യക്കാര്‍ക്കു പുറമെ 44 റഷ്യക്കാരും എട്ട് ഉക്രെയ്ന്‍ പൗരന്‍മാരും ഒരു ഉസ്ബക്കിസ്താന്‍ സ്വദേശിയും റഷ്യ, സ്‌പെയിന്‍, കൊളംബിയ, കിര്‍ഗിസ്താന്‍ സ്വദേശികളായ ഏഴു ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാലു കുട്ടികളും 33 സ്ത്രീകളും 18 പുരുഷന്‍മാരും ഉള്‍പ്പെട്ടതായിരുന്നു യാത്രാസംഘം. പൊട്ടിത്തെറിയെത്തുടര്‍ന്ന് വിമാനം കഷ്ണങ്ങളായി ചിതറി. അപകടദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബ്ലാക്‌ബോക്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തി.
ദുബയില്‍നിന്ന് വെള്ളിയാഴ്ച രാത്രി 11.20നാണു അഞ്ചുവര്‍ഷം മാത്രം പഴക്കമുള്ള വിമാനം പുറപ്പെട്ടത്. സൈപ്രസ് പൗരനായ അരിസ്റ്റോസ് ആയിരുന്നു വൈമാനികന്‍. പൈലറ്റ് അപകടമുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും മറ്റു വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും റിപോര്‍ട്ടുണ്ട്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് ഫ്‌ളൈ ദുബയ് സിഇഒ ഗൈസ് അല്‍ ഗൈസ് ദുബയില്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ തങ്ങളും പങ്കുചേരുന്നതായി യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദും ദുബയ് ഭരണാധികാരിയായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദും പറഞ്ഞു. കേരളത്തിലടക്കം 95 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഈ വിമാനക്കമ്പനിയില്‍ 3321 ജീവനക്കാരാണു ജോലിചെയ്യുന്നത്.
Next Story

RELATED STORIES

Share it